ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഏദൻ ഉൾക്കടലിലെയും ചെങ്കടൽ വഴിയുമുള്ള ചരക്ക് ഗതാഗതത്തില്‍ ഹൂതി വിമതര്‍ ഭീഷണി ഉയര്‍ത്തുന്നത്. ഇത് മുതലെടുത്ത് സൊമാലിയൻ കടൽ കൊള്ളക്കാരുടെ അതിക്രമങ്ങളും വർധിച്ചു വരികയാണ്. കടൽ കൊള്ളക്കാരുടെ ആക്രമണം 2018 മുതൽ 2023 അവസാനം വരെ തുടര്‍ന്നു. ചെങ്കടലിലെ ഹൂതി ആക്രമണം നേരിടാൻ യുഎസും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ചേര്‍ന്ന് ഓപ്പറേഷൻ പ്രോസ്പരിറ്റി ഗാർഡിയൻ, ഓപ്പറേഷൻ ആസ്പൈഡ്സ് തുടങ്ങിയ പദ്ധതികളുടെ തിരക്കില്‍ മുഴുകുമ്പോള്‍ ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ളയുടെ പുനരുജ്ജീവനം തകൃതിയായി നടക്കുകയാണ്.
നിർണായകമായ ഈ കപ്പൽ പാത സംരക്ഷിക്കാന്‍ ഇന്ത്യൻ നാവികസേന സൊമാലിയയ്ക്ക് പുറത്തുള്ള കടലില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കടല്‍ കൊള്ളക്കാരെ നേരിടുന്നതില്‍ 20 വർഷത്തെ അനുഭവ സമ്പത്തും കഴിവുമുഉള്ള ഇന്ത്യൻ നാവികസേന മർച്ചന്റ് ഷിപ്പിങിന് സുരക്ഷ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്.
2008 മുതൽ ഈ മേഖലയിലെ ഏറ്റവും വലിയ നാവിക സാന്നിധ്യമായ യുഎസ്, ഫ്രാൻസ്, ചൈന എന്നിവയെക്കാൾ പട്രോളിങ് നടത്തി ഇന്ത്യ ഇപ്പോള്‍ ചെങ്കടലിലും നിര്‍ണായക പങ്ക് വഹിക്കുകയാണ്. 2008 മുതൽ ഇന്ത്യൻ നാവികസേന ഏദൻ ഉൾക്കടലിലും ആഫ്രിക്കയുടെ കിഴക്കൻ തീരത്തും ആന്റി പൈറസി പട്രോളിങ് നടത്തുന്നുണ്ട്. ഏകദേശം 106 കപ്പലുകൾ ഇതിനായി ഉപയോഗിച്ചു.
3,440 കപ്പലുകൾക്കും 25,000-ലധികം നാവികർക്കും ഇതിനോടകം ഇന്ത്യ അകമ്പടി സേവിച്ചു. 2019 ജൂണിൽ ഒമാൻ ഉൾക്കടലിൽ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന 'ഓപ്പറേഷൻ സങ്കൽപ്' ആരംഭിച്ചിരുന്നു.
ചെങ്കടലിലെ പ്രതിസന്ധികൾക്കിടയിൽ, ഹൂതി വിമതർക്കെതിരെ ആക്രമണം നടത്തുന്ന യുഎസ് നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സിൽ ഇന്ത്യ ചേർന്നിട്ടില്ല. രൂക്ഷമാകുന്ന ചെങ്കടൽ പ്രതിസന്ധി പരിഹരിക്കുന്നതിനും കടൽക്കൊള്ളയെ ചെറുക്കുന്നതിനുമായി ജിബൂട്ടി, ഏദൻ ഉൾക്കടൽ, സൊമാലിയയുടെ കിഴക്കൻ തീരം, വടക്കന്‍-മധ്യ അറബിക്കടൽ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
ചെങ്കടലിലെ ഹൂതികളെ നേരിടുന്നതിന് പകരം ഏദൻ ഉൾക്കടലിലും അറബിക്കടലിലും വർദ്ധിച്ചു വരുന്ന കടൽക്കൊള്ള നേരിടാനാണ് ഇന്ത്യൻ നാവികസേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, ദീർഘദൂര നിരീക്ഷണ സമുദ്ര വിമാനങ്ങൾ, ഡോർണിയർ വിമാനങ്ങൾ എന്നിവയ്ക്കൊപ്പം 12 യുദ്ധക്കപ്പലുകളും നാവിക സേന വിന്യസിച്ചിട്ടുണ്ട്അ.
അറബിക്കടലിൽ ഏകദേശം 4 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന വാണിജ്യ കപ്പല്‍ ചാല് നിരീക്ഷിക്കാൻ പ്രിഡേറ്റർ MQ9B ഡ്രോണുകളും പ്രത്യേക കമാൻഡോകളും. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവോ, തൽവാർ ക്ലാസ് ഫ്രിഗേറ്റുകളും മിസൈൽ ബോട്ടുകളും അടങ്ങുന്ന ടാസ്ക് ഗ്രൂപ്പുകളെയും വിന്യസിച്ചിട്ടുണ്ട്.
രണ്ട് നൂതന കപ്പലുകൾ ഏദൻ ഉൾക്കടലിലും ബാക്കി 10 എണ്ണം വടക്കൻ അറബിക്കടലിലും പടിഞ്ഞാറൻ അറബിക്കടലിലുമായി വിന്യസിച്ചിട്ടുണ്ട്. കുറഞ്ഞത് നാല് യുദ്ധക്കപ്പലുകളും ബ്രഹ്മോസ് ലാൻഡ് അറ്റാക്ക് മിസൈലുകളും ഉപരിതലത്തിൽ നിന്നുള്ള മിസൈലുകളും, യുദ്ധ ശേഷിയുള്ള ഹെലികോപ്റ്ററുകളും, സീ ഗാർഡിയൻ ഡ്രോണുകളും, നിരീക്ഷണത്തിനായി P8I വിമാനങ്ങളും നാവിക സേന സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 250-ലധികം കപ്പലുകളിലും ചെറുബോട്ടുകളിലും നാവിക സേന നിരീക്ഷണവും അന്വേഷണവും നടത്തിയിട്ടുണ്ട്. 40-ല്‍ അധികം കപ്പലുകളില്‍ കയറുകയും, മേഖലയിൽ നടന്ന നിരവധി വ്യാപാര കപ്പൽ ആക്രമണങ്ങളോട് നിയമവിധേയമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.