ബെംഗളുരു: മാധ്യമ ചക്രവര്‍ത്തി റാമോജി റാവുവിന്‍റെ നിര്യാണത്തില്‍ ഇടിവി കന്നഡയിലെ മാധ്യമപ്രവര്‍ത്തകര്‍ ദുഃഖം രേഖപ്പെടുത്തി. ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തില്‍, ഈനാടുവിന്‍റെയും റാമോജി ഗ്രൂപ്പിന്‍റെയും സ്ഥാപകനായ അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകളാണ് സകലരും പങ്കിട്ടത്. അദ്ദേഹത്തിന്‍റെ നേട്ടങ്ങളും തൊഴില്‍ മികവിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയെയും പലരും അനുസ്‌മരിച്ചു.
റാമോജി റാവു ശരിക്കും തങ്ങളുടെ അന്നദാതാവ് ആയിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാമകൃഷ്‌ണ ഉപാധ്യയ പറഞ്ഞു. കര്‍ഷകര്‍ക്കായി അന്നദാത എന്ന പേരില്‍ ഒരു പരിപാടി സ്വകാര്യ മാധ്യമത്തില്‍ ചെയ്‌ത ആദ്യ വ്യക്തി അദ്ദേഹമായിരുന്നു. അച്ചാര്‍ മുതല്‍ മാധ്യമങ്ങള്‍ വരെ നീളുന്ന വ്യവസായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹം നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നു. ഓരോ മൂന്ന് മാസം കൂടുമ്പോഴും അദ്ദേഹം യോഗങ്ങള്‍ വിളിച്ചിരുന്നു. വ്യക്തിപരമായി എല്ലായിടത്തും അദ്ദേഹത്തിന്‍റെ കണ്ണത്തിയിരുന്നു.
ഒരു പതിറ്റാണ്ടോളം റാമോജി റാവുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നരേന്ദ്ര പപ്പാല പറഞ്ഞു. വ്യവസായരംഗത്തെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അദ്ദേഹം വാര്‍ത്തകളെയും മാധ്യമങ്ങളെയും അവഗണിച്ചില്ല. ജീവിതം ഒരു യാത്രയാണ്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനായതില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും സന്തോഷമുണ്ടെന്നും നരേന്ദ്ര പപ്പാല പറഞ്ഞു.
സാമൂഹിക മൂല്യങ്ങള്‍ക്ക് എന്നും പ്രാധാന്യം കൊടുത്ത വ്യക്തിയായിരുന്നു റാമോജി എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശിവശങ്കര്‍ അനുസ്‌മരിച്ചു. അത് കൊണ്ട് തന്നെയാണ് ഇടിവിയിലെ വാര്‍ത്തകള്‍ വിശ്വസനീയമായത്. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ അദ്ദേഹം ചില പരസ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹം കൂറിനെയും കൂറുള്ളവരെയും ഇഷ്‌ടപ്പെട്ടിരുന്നുവെന്നും ശിവശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
റാമോജി ഫിലിം സിറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് ജീവിത പാഠം പകര്‍ന്ന് കിട്ടിയതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രാധിക റാണി പറഞ്ഞു. റാമോജി റാവുവിന്‍റെ പ്രോത്സാഹനം മറക്കാനാകാത്തതാണ്. പുതുമയുടെയും പരീക്ഷണങ്ങളുടെയും മികച്ച ഉദാഹരണമാണ് റാമോജിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സമീവുള്ള പറഞ്ഞു. സിനിമ, ടെലിവിഷന്‍ ചാനലുകളെ പുതുമകളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. തീവ്രമായ ഉത്കര്‍ഷേച്‌ഛയുള്ള ധാരാളം സ്വപ്‌നങ്ങളുടെ ഉടമയായിരുന്നു അദ്ദേഹമെന്നും സമീവുള്ള കൂട്ടിച്ചേര്‍ത്തു.
മാധ്യമ ധാര്‍മ്മികതയെക്കുറിച്ച് അദ്ദേഹം എപ്പോഴും ബോധവാനായിരുന്നു. അദ്ദേഹത്തിന്‍റെ മുഴുവന്‍ മാധ്യമസ്ഥാപനങ്ങളിലും ഗുണമേന്‍മയുള്ള മാധ്യമപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഇടിവി ഭാരത് ബെംഗളുരു ബ്യൂറോ മേധാവി സോമശേഖര്‍ കവച്ചൂര്‍ ചൂണ്ടിക്കാട്ടി. സ്വപ്രയ്‌ത്നങ്ങളിലെല്ലാം വിജയിച്ച ആളായിരുന്നു റാമോജിയെന്നും അദ്ദേഹം അനുസ്‌മരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി ഗൗഡ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്ത് റാമോജി റാവുവിന് ആദരമര്‍പ്പിച്ചു.
Also Read:'തെലുഗു ജനതയ്ക്ക് നല്‍കിയ സേവനങ്ങളോടുള്ള ആദരം'; റാമോജിയുടെ പ്രതിമ വിശാഖപട്ടണത്ത് സ്ഥാപിക്കും