ബെംഗളൂരു (കർണാടക):രാമേശ്വരം കഫേ സ്‌ഫോടന കേസിൽ നിർണായക വഴിത്തിരിവ്. പ്രതികളെ ഇന്ന് കൊൽക്കത്തയിൽ വച്ച് ദേശീയ അന്വേഷണ ഏജൻസി പിടികൂടി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളി സ്വദേശികളായ അദ്ബുൽ മത്തീൻ താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഇരുവരും ബെംഗളൂരുവിൽ സ്‌ഫോടനം നടന്നതു മുതൽ ഒളിവിലായിരുന്നു. കൊൽക്കത്തയ്ക്ക് സമീപമുള്ള പ്രതികളുടെ ഒളിത്താവളത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ പ്രതികളെ എൻഐഎ സംഘം പിടികൂടിയത്. കഫേയിൽ ഐഇഡി സ്ഥാപിച്ച പ്രതിയാണ് മുസാവിർ ഹുസൈൻ ഷാസിബ്. സ്‌ഫോടനത്തിന്‍റെ ആസൂത്രണം, നടത്തിപ്പ്, നിയമത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടൽ എന്നിവയുടെ മുഖ്യ സൂത്രധാരൻ അബ്‌ദുല്‍ മത്തീൻ താഹയാണെന്ന് എൻഐഎ അറിയിച്ചു.
സ്ഫോടന കേസില്‍ മുസാവിര്‍ ഹുസൈന്‍ ഷാസിബ് മുഖ്യപ്രതിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി കുറച്ച് ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. അബ്‌ദുല്‍ മത്തീന്‍ താഹ സ്‌ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനെന്നും എന്‍ഐഎ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കര്‍ണാടകയിലെ പതിനെട്ട് ഇടങ്ങളിലും തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു. ഇരുവരെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് നേരത്തെ തന്നെ എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും വിവരങ്ങള്‍ക്കായി ഇവരുടെ ബന്ധുക്കളെയും സ്‌കൂള്‍, കോളജ് കാലത്തെ സുഹൃത്തുക്കളെയും അടക്കം ചോദ്യം ചെയ്‌തിരുന്നു.
അറസ്‌റ്റിലായ മുസമില്‍ ഷെരീഫിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതേസമയം ചോദ്യം ചെയ്‌തിരുന്നു. ചിക്കമംഗളൂരുവിലെ ഖല്‍സ സ്വദേശിയാണിയാള്‍. പ്രതികൾക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കിയത് ഇയാളാണെന്നാണ് എന്‍ഐഎയുടെ വിശദീകരണം. ഇയാളെ കഴിഞ്ഞ മാർച്ച് 26നാണ് അറസ്‌റ്റ് ചെയ്‌തത്.
മാര്‍ച്ച് ഒന്നിനാണ് ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ 9 പേർക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈം ബ്രാഞ്ചും ദേശീയ അന്വേഷണ ഏജന്‍സിയുമാണ് കേസ് അന്വേഷിക്കുന്നത്.
Also Read : രാമേശ്വരം കഫേ സ്ഫോടനക്കേസ്: മുസാവിര്‍ മുഖ്യപ്രതി; താഹ ആസൂത്രകനെന്ന് എന്‍ഐഎ - Rameshwaram Cafe Blast Case