ബെംഗളുരു: രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. കര്‍ണാടക നിയമ-പാര്‍ലമെന്‍ററികാര്യമന്ത്രി എച്ച് കെ പാട്ടീല്‍ ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
രാമനഗര ജില്ലയുടെ പേര് മാറ്റം സംബന്ധിച്ച് ജില്ലാ നേതാക്കള്‍ നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് ഡി കെ ശിവകുമാര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. രാമനഗരത്തിന്‍റെ ഭാവി വികസനങ്ങള്‍ ഉദ്ദേശിച്ചാണ് ഈ പേര് മാറ്റം. ചന്നപട്ടണ, മഗാഡി, കനകപുര, ഹരോഹള്ളി താലൂക്കുകളില്‍ നിന്നുള്ള പ്രതിനിധി സംഘമാണ് രാമനഗരത്തിന്‍റെ പേര് ബെംഗളുരു സൗത്ത് എന്നാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ എംഎല്‍എമാരടക്കമുള്ള സംഘമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. നേരത്തെ രാമനഗരം, ബെംഗളുരു സിറ്റി, ദോദ്ദബല്ലാപ്പൂര്‍, ദേവനഹള്ളി, ഹോസ്‌കോട്ടെ, കനകപുര, ഛന്നപട്ടണം, മഗാഡി, തുടങ്ങിയവ ബെംഗളുരു ജില്ലയുടെ ഭാഗമായിരുന്നു. എന്നാല്‍ ഭരണസൗകര്യത്തിനായി ബെംഗളുരു നഗരം, ബെംഗളുരു റൂറല്‍, രാമനഗര ജില്ലകളായി ഇതിനെ വിഭജിക്കുകയായിരുന്നുവെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി.