ഡൽഹി:ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) പാസാക്കിയതായി മുതിർന്ന നേതാവ് കെസി വേണുഗോപാൽ. പ്രതിപക്ഷ നേതാവാകാൻ സിഡബ്ല്യുസി രാഹുൽ ഗാന്ധിയോട് ഏകകണ്‌ഠമായി അഭ്യർഥിച്ചു എന്നും പാർലമെൻ്റിനുള്ളിൽ പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും മികച്ചയാൾ രാഹുൽ ഗാന്ധിയാണെന്നും കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രവർത്തനങ്ങളെയും സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. കോൺഗ്രസിന്‍റെ മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി രൂപകൽപന ചെയ്യുകയും നയിക്കുകയും ചെയ്‌ത ഭാരത് ജോഡോ യാത്രയെയും ഭാരത് ജോഡോ ന്യായ് യാത്രയെയും കുറിച്ച് പ്രമേയത്തിൽ പരമാർശമുണ്ട്.
'രാഹുൽ ഗാന്ധിയുടെ ചിന്തയും വ്യക്തിത്വവും പ്രതിഫലിപ്പിച്ച ഈ രണ്ട് യാത്രകളും നമ്മുടെ രാജ്യത്തിൻ്റെ രാഷ്‌ട്രീയത്തിലെ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളിലും കോടിക്കണക്കിന് വോട്ടർമാരിലും ഇത് പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകമനസുള്ളതും മൂർച്ചയുള്ളതുമായിരുന്നു. രാജ്യത്തെ ഭരണഘടനയുടെ സംരക്ഷണത്തെ 2024-ലെ തെരഞ്ഞെടുപ്പിലെ കേന്ദ്ര വിഷയമാക്കിയത് അദ്ദേഹമായിരുന്നു'- പ്രമേയം പറയുന്നു.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മനീഷ് തിവാരി, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയവർ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തു.