ന്യൂഡൽഹി:നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ലോക്‌സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ ഒരു ദിവസത്തെ പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. നീറ്റ് വിഷയം പാർലമെൻ്റിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കാൻ ചർച്ച അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കി. എന്നാൽ, രാഹുലിന്‍റെ നിർദേശം ലോക്‌സഭ സ്‌പീക്കർ ഓം ബിർള നിരസിച്ചതോടെ പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
നിങ്ങൾക്ക് നിർദേശങ്ങൾ നൽകാമെന്നും പക്ഷേ തീരുമാനം തന്‍റേതായിരിക്കുമെന്നും ആയിരുന്നു ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ മറുപടി. രാഹുലിൻ്റെ ആവശ്യത്തോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രതികരിച്ചു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് ശേഷം മാത്രമേ ഏത് ചർച്ചയും നടത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.
'പാർലമെൻ്റ് നടപടികൾ ചില നിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദി പ്രമേയത്തിന് ശേഷം മാത്രമേ ചർച്ച നടത്താവൂ എന്ന് പ്രതിപക്ഷത്തോട് അഭ്യർഥിക്കുന്നു'- പ്രതിരോധമന്ത്രി വ്യക്തമാക്കി.