പ്രയാഗ്‌രാജ് :മിസ് ഇന്ത്യ പട്ടം നേടിയവരുടെ പട്ടികയില്‍ ദലിതരെയോ ആദിവാസികളെയോ ഒബിസി വിഭാഗത്തില്‍പ്പെട്ടവരെയോ താന്‍ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രയാഗ്‌രാജില്‍ ഒരു സമ്മേളനത്തിനിടെ ജാതി സെൻസസിന്‍റെ ആവശ്യകത വ്യക്തമാക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. 90 ശതമാനം വരുന്ന ജനങ്ങളുടെ പങ്കാളിത്തമില്ലാതെ രാജ്യത്തിന് പ്രവർത്തിക്കാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'മിസ് ഇന്ത്യ പട്ടം നേടിയവരുടെ ലിസ്റ്റ് ഞാൻ പരിശോധിച്ചു. ദലിത്, ആദിവാസി അല്ലെങ്കിൽ ഒബിസി സ്‌ത്രീകളെ പട്ടികയില്‍ എവിടെയും ഞാന്‍ കണ്ടില്ല. ചിലർ ക്രിക്കറ്റിനെക്കുറിച്ചോ ബോളിവുഡിനെക്കുറിച്ചോ സംസാരിച്ചേക്കാം. മാധ്യമങ്ങളിലെ മുൻനിര അവതാരകരില്‍ പോലും 90 ശതമാനം വരുന്ന ഈ ജനവിഭാഗമില്ല. മോദിജി ആലിംഗനം ചെയ്‌തു എന്നും നമ്മള്‍ സൂപ്പർ പവർ ആയിത്തീർന്നു എന്നുമൊക്കെ പലരും പറയുന്നുണ്ട്. 90 ശതമാനം വരുന്ന ജനവിഭാഗത്തിന് പ്രാതിനിധ്യം ഇല്ലെങ്കിൽ നമ്മള്‍ എങ്ങനെ സൂപ്പർ പവറാകും?- രാഹുല്‍ ഗാന്ധി ചോദിച്ചു.
ജാതി സെൻസസ് ആവശ്യപ്പെട്ട് രാജ്യത്തെ വിഭജിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ബിജെപി പറഞ്ഞേക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവിടങ്ങളിൽ ഈ 90 ശതമാനം വരുന്ന ജനവിഭാഗങ്ങളില്‍ എത്രപേർ ഉണ്ടെന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്. 90 ശതമാനം പേർക്ക് ഇവിടെ പ്രാതിനിധ്യം ഇല്ല എന്ന് ഞാൻ പറയുന്നു. ഇത് പരിശോധിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.