ഗാന്ധിനഗര്‍ :ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുജറാത്തില്‍ പര്യടനം നടത്തുന്നു. ഇന്ന് (മാര്‍ച്ച് 7) രാവിലെ 10 മണിയോടെ ഗുജറാത്തിലെത്തിയ യാത്ര 4 ദിവസമാണ് പ്രയാണം നടത്തുക. വൈകിട്ട് മൂന്ന് മണിക്ക് ദഹോദിലെ ജലോദിൽ എത്തുന്ന രാഹുല്‍ ഗാന്ധി ജനത്തെ അഭിസംബോധന ചെയ്ത ശേഷം ഇന്ന് രാത്രി ജലോദില്‍ തങ്ങും. 4 ദിവസം കൊണ്ട് 400 ലധികം കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയും സംഘവും താണ്ടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആദിവാസി വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.
മാര്‍ച്ച് എട്ടിന് രാവിലെ 8ന് ദഹോദ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര ബിര്‍സ മുണ്ട ചൗക്, ലിംഖേഡ എന്നിവിടങ്ങളിലൂടെ കടന്നുപോകും. തുടര്‍ന്ന് 11 മണിക്ക് ഗോധ്രയിലെത്തുന്ന രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം വീണ്ടും പദയാത്ര ആരംഭിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് പഞ്ച്മഹലിലെ കലോലിലെത്തും. അവിടെയൊരുക്കിയിട്ടുള്ള വേദിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും. ഇതിന് പിന്നാലെ പവഗഡ്, ശിവരാജ്പൂർ, ജംബുഗോഡ, പഞ്ച്മഹൽ എന്നിവിടങ്ങളിലും യാത്രയ്ക്ക് സ്വീകരണം നൽകും. ഇതിന് പിന്നാലെ ജംബുഗോഡയില്‍ പദയാത്ര സമാപിക്കും. യാത്ര സമാപിക്കുന്ന ജംബുഗോഡയില്‍ രാഹുല്‍ ഗാന്ധി രാത്രി തങ്ങും.