ഡൽഹി:റെയിൽവേ നയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi attacks Centre over Railways policies). രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് കാലെടുത്ത് വയ്ക്കാൻ പോലും കഴിയാത്ത 'എലൈറ്റ് ട്രെയിനിൻ്റെ' ചിത്രങ്ങൾ കാണിച്ച് അവരെ ചാക്കിലാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
റെയിൽവേയുടെ മുൻഗണനയിൽ നിന്ന് രാജ്യത്തെ ദരിദ്രരും ഇടത്തരം യാത്രക്കാരും ഒഴിവാക്കപ്പെട്ടു. ഹവായി ചെരുപ്പിട്ടു നടക്കുന്ന ജനങ്ങൾ വിമാനയാത്ര ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാവപെട്ട ഇന്ത്യൻ റെയിൽവേ അവരിൽ നിന്നും എടുത്തുകളഞ്ഞതെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
പാവപ്പെട്ട ജനങ്ങൾക്ക് കാലെടുത്ത് വയ്ക്കാൻ പോലും കഴിയാത്ത ഒരു എലൈറ്റ് ട്രെയിനിൻ്റെ ചിത്രം കാണിച്ച് ജനങ്ങളെ വശീകരിക്കുകയാണ് കേന്ദ്ര സർക്കാർ. ക്യാൻസലേഷൻ ചാർജുകൾ, ഡൈനാമിക് നിരക്കിൻ്റെ പേരിലുള്ള കൊള്ള, വിലകൂടിയ പ്ലാറ്റ്ഫോം ടിക്കറ്റുകൾ തുടങ്ങിയവയ്ക്ക് പുറമെ ഓരോ വർഷവും യാത്രാനിരക്ക് 10 ശതമാനം വർധിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് നൽകുന്ന ഇളവുകൾ തട്ടിയെടുത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ പിരിച്ചെടുത്തത് 3,700 കോടി രൂപയാണെന്നും അദ്ദേഹം വിമർശിച്ചു.
"പാവപ്പെട്ടവരും ഇടത്തരക്കാരുമായ യാത്രക്കാരെ റെയിൽവേയുടെ മുൻഗണനയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയാണ്. തൊഴിലാളികളും കർഷകരും മാത്രമല്ല വിദ്യാർത്ഥികളും മറ്റു ജീവനക്കാരും യാത്ര ചെയ്യുന്നു. സാധാരണ കോച്ചുകളെക്കാൾ മൂന്നിരട്ടിയായാണ് എസി കോച്ചുകൾ വർധിപ്പിച്ചത്. സമ്പന്നരെ മാത്രം കണ്ടുകൊണ്ട് റെയിൽവേ നയങ്ങൾ ഉണ്ടാക്കുന്നത് റെയിൽവേയെ ആശ്രയിക്കുന്ന ഇന്ത്യയിലെ 80 ശതമാനം ജനങ്ങളോടുള്ള വഞ്ചനയാണ്. മോദിയോടുള്ള വിശ്വാസം വഞ്ചനയുടെ ഉറപ്പാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.