കേരളം

kerala

ETV Bharat / bharat

'വി ഡി സവർക്കറെ അപകീർത്തിപ്പെടുത്തി' ; രാഹുൽ ഗാന്ധിക്കെതിരായ പരാതി പ്രഥമദൃഷ്‌ട്യാ സത്യമെന്ന് പൂനെ പൊലീസ് - V D Savarkar Defamation case - V D SAVARKAR DEFAMATION CASE

വി ഡി സവര്‍ക്കറുടെ ചെറുമകൻ സത്യകി അശോക് സവര്‍ക്കര്‍ ആണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നൽകിയത്

RAHUL GANDHI DEFAMING V D SAVARKAR  RAHUL GANDHI ABOUT V D SAVARKAR  CASE AGAINST RAHUL GANDHI  വി ഡി സവർക്കർ രാഹുൽ ഗാന്ധി കേസ്
Rahul Gandhi (ANI)

By ETV Bharat Kerala Team

Published : May 28, 2024, 10:26 AM IST

പൂനെ :ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ചെറുമകൻ സത്യകി അശോക് സവര്‍ക്കര്‍ രാഹുല്‍ ഗാന്ധിക്കെതിരെ നൽകിയ പരാതിയിൽ പ്രഥമദൃഷ്‌ട്യാ സത്യമുണ്ടെന്ന് പൂനെ പൊലീസ് കോടതിയിൽ. തിങ്കളാഴ്‌ചയാണ് കോടതിയിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 2023ൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വി ഡി സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.

ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്നാം ക്ലാസ്) അക്ഷി ജെയിൻ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് പരാതിക്കാരനായ സത്യകി അശോക് സവർക്കറിന് വേണ്ടി ഹാജരായ അഭിഭാഷകൻ സംഗ്രാം കോൽഹട്ട്‌കർ പറഞ്ഞു. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കോടതി നോട്ടിസ് അയച്ചേക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം രാഹുലിനെതിരെ തൻ്റെ അഭിഭാഷകർ സിറ്റി കോടതിയിൽ പരാതി നൽകിയതായി സത്യകി സവർക്കർ പറഞ്ഞിരുന്നു. സത്യകി സമർപ്പിച്ച തെളിവുകൾ പരിശോധിച്ച് മെയ് 27നകം റിപ്പോർട്ട് സമർപ്പിക്കാൻ വിശ്രാംബോഗ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വി ഡി സവർക്കർക്കെതിരെ രാഹുൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായാണ് സത്യകി സവർക്കർ വിശ്രാംബോഗ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

താനും സുഹൃത്തുക്കളും ചേർന്ന് ഒരിക്കൽ ഒരു മുസ്ലിം യുവാവിനെ മർദിച്ചെന്നും അതിൽ സന്തോഷം തോന്നിയെന്നും വി ഡി സവർക്കർ ഒരു പുസ്‌തകത്തിൽ എഴുതിയിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ അവകാശപ്പെട്ടത്. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വി ഡി സവർക്കർ ഒരിടത്തും അങ്ങനെ എഴുതിയിട്ടില്ലെന്നും സത്യകി സവർക്കർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും സത്യകി പരാതിയിൽ പറയുന്നു.

അതേസമയം വി ഡി സവർക്കർ തൻ്റെ പുസ്‌തകങ്ങളിലൊന്നും ഇത്തരമൊരു സംഭവത്തെക്കുറിച്ച് എഴുതിയിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി വിശ്രാംബോഗ് പൊലീസ് കോടതിയെ അറിയിച്ചതായി അഭിഭാഷകൻ അറിയിച്ചു. അസിസ്റ്റൻ്റ് പൊലീസ് ഇൻസ്‌പെക്‌ടർ തുക്കാറാം നിംബാൽക്കറുമായി താൻ ബന്ധപ്പെട്ടിരുന്നു. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചെന്നും അഭിഭാഷകൻ വ്യക്തമാക്കി.

മോദിക്കെതിരെ 2019ൽ നടത്തിയ പരാമർശത്തിൽ സൂറത്തിലെ ഒരു മെട്രോപൊളിറ്റൻ കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. "എല്ലാ കള്ളന്മാർക്കും മോദി എന്ന പൊതുനാമമായത് എങ്ങനെ എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. തുടർന്ന് ക്രിമിനൽ മാനനഷ്‌ട കേസിൽ കഴിഞ്ഞ മാർച്ചിൽ രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു. ഏപ്രിൽ 3ന് സെഷൻസ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. മാനനഷ്‌ടക്കേസിലെ ശിക്ഷ ഓഗസ്റ്റിൽ സുപ്രീം കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

ALSO READ:തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രം; പാക് അധീന കശ്‌മീർ തിരിച്ചെടുക്കുമെന്ന ബിജെപി വാദത്തിന് മറപടിയുമായി ശശി തരൂർ

ABOUT THE AUTHOR

...view details