ന്യൂഡൽഹി: വിവാദ ഷോർട്ട് സെല്ലര്‍ ഹിൻഡൻബർഗ് റിസർച്ചിനും സ്ഥാപകൻ നഥാൻ ആൻഡേഴ്‌സണിനുമെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട്. ഹിൻഡൻബർഗിന്‍റെ രഹസ്യ ബന്ധങ്ങളും സെക്യൂരിറ്റീസ് തട്ടിപ്പുകളും ഇവര്‍ നടത്തിയ തെറ്റായ വെളിപ്പെടുത്തലുകളും തുറന്നു കാട്ടുന്ന തെളിവുകളാണ് കാനഡയിലെ ഒന്‍റാറിയോയിൽ നടന്ന കോടതി വ്യവഹാരത്തിനിടെ സമര്‍പ്പിക്കപ്പെട്ടത് എന്ന് കനേഡിയൻ ഓൺലൈൻ അന്വേഷണ വാർത്താ ഏജൻസിയായ മാർക്കറ്റ് ഫ്രോഡ്‌സിന്‍റെ റിപ്പോർട്ട് പറയുന്നു.
നഥാൻ ആൻഡേഴ്‌സണും ഇന്ത്യൻ വംശജനായ മോയസ് കസ്സാം നടത്തുന്ന കാനഡ ആസ്ഥാനമായുള്ള ആൻസൺ ഫണ്ട്‌സ് കമ്പനിയും നിരവധി സെക്യൂരിറ്റീസ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇതുവരെ തങ്ങൾ 5 ശതമാനം കേസുകള്‍ മാത്രമേ അവലോകനം ചെയ്‌തിട്ടുള്ളൂ എന്നും മാർക്കറ്റ് ഫ്രോഡ്‌സിന്‍റെ റിപ്പോർട്ട് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹിൻഡൻബർഗും ആൻസണും തമ്മില്‍ നടന്ന മുഴുവൻ കൈമാറ്റവും എസ്‌ഇസിയിൽ എത്തിയാല്‍ 2025 ൽ നഥാൻ ആൻഡേഴ്‌സണിനെതിരെ സെക്യൂരിറ്റീസ് തട്ടിപ്പ് കുറ്റം ചുമത്തുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും റിപ്പോർട്ട് പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് ധൃതിയില്‍ അടച്ചുപൂട്ടിയത് ഈ പശ്ചാത്തലത്തില്‍ കൂടിയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഹിൻഡൻബർഗ് ഉൾപ്പെടെയുള്ള വിവിധ ഷോർട്ട് സെല്ലർമാർക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പിന്നിലുള്ള രഹസ്യ ശക്തികളെ തുറന്നുകാട്ടുന്ന പരമ്പരയുടെ ആദ്യ ഭാഗം 2024 നവംബറിൽ ബ്ലൂംബെർഗിന്‍റെ ക്രാക്ക് റിസർച്ച് ടീം പ്രസിദ്ധീകരിച്ചിരുന്നു. ഹിൻഡൻബർഗ് റിസർച്ചും ആൻസൺ ഫണ്ട്‌സ് കമ്പനിയും തമ്മിലുള്ള ഇടപാടുകളെപ്പറ്റി ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ആൻസണുമായുള്ള എല്ലാ ബന്ധവും ഹിന്‍ഡന്‍ബര്‍ഗ് നിഷേധിച്ചു. ഹിൻഡൻബർഗിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ഓരോ വർഷവും നൂറുകണക്കിന് ലീഡുകൾ ലഭിക്കുന്നുണ്ട് എന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ പ്രതികരണം. ഓരോ ലീഡും കർശനമായി പരിശോധിക്കുന്നുണ്ടെന്നും ജോലിയിൽ എല്ലായ്‌പ്പോഴും പൂർണ്ണ എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തിയിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് വിശദീകരിച്ചു. ആൻസണുമായി യാതൊരു ബന്ധവുമില്ലെന്ന് ആൻഡേഴ്‌സണും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.