ന്യൂഡൽഹി: ജൂൺ 25 ഭരണഘടന ഹത്യ ദിനമായി ആചരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ തീരുമാനങ്ങള്‍കൊണ്ടും പ്രവർത്തനങ്ങള്‍ കൊണ്ടും ജനാധിപത്യത്തിന്‍റെ ആത്മാവിനെയും ഭരണഘടനയെയും നിരന്തരം ആക്രമിക്കുന്നവർ 'സംവിധാൻ ഹത്യ ദിവസ്' ആഘോഷിക്കുന്നത് നിഷേധാത്മക രാഷ്ട്രീയമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമുള്ളവർ അത് സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
'ഇന്ത്യയിലെ മഹാന്മാർ സ്വാതന്ത്ര്യവും ഭരണഘടനയും നേടിയെടുക്കാൻ ഇതിഹാസപരമായ പോരാട്ടമാണ് നടത്തിയത്. ഭരണഘടന ഉണ്ടാക്കിയവർ, ഭരണഘടനയിൽ വിശ്വാസമുള്ളവർ, ഭരണഘടനയെ സംരക്ഷിക്കും. ഭരണഘടന നടപ്പാക്കുന്നതിനെ എതിർത്ത കൂട്ടര്‍, ഭരണഘടന പുനഃപരിശോധിക്കാൻ കമ്മിഷൻ രൂപീകരിച്ച കൂട്ടര്‍, ഭരണഘടന നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട കൂട്ടര്‍, തങ്ങളുടെ തീരുമാനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഭരണഘടനയുടെയും ജനാധിപത്യത്തിൻ്റെ ആത്മാവിനെയും ആവർത്തിച്ച് ആക്രമിച്ച കൂട്ടര്‍ 'ഭരണഘടന ഹത്യ ദിനം' ആഘോഷിക്കുന്നത് തീർച്ചയായും നിഷേധാത്മക രാഷ്‌ട്രീയമാണ്. ഇതിൽ എന്താണ് ആശ്ചര്യപ്പെടാനുള്ളത്?'- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.
1975-ലെ അടിയന്തരാവസ്ഥയുടെ സ്‌മരണയ്ക്കായി ജൂൺ 25 ഭരണഘടന ഹത്യ ദിനമായി ആചരിക്കുമെന്ന് കേന്ദ്രം വെള്ളിയാഴ്‌ചയാണ് (ജൂലൈ 12) പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ദുരിതമനുഭവിക്കുന്നവരെ ആദരിക്കുന്നതിനായാണ് ജൂൺ 25 സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കുന്നത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതേസമയം, പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നു.