ചണ്ഡീഗഢ്:ഹരിയാനയില്‍ഒക്‌ടോബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ തൂത്തെറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അനീതിക്കും അക്രമങ്ങള്‍ക്കും അസത്യങ്ങള്‍ക്കും നേരെയുള്ള പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു. ഹരിയാനയിലെ ജുലാനയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും ഗുസ്‌തി താരവുമായ വിനേഷ് ഫോഗട്ടിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
ബിജെപി സര്‍ക്കാര്‍ ജനങ്ങളെ എല്ലാ രംഗത്തും ചതിച്ചെന്ന് തൊഴിലില്ലായ്‌മയും അഗ്നിവീര്‍ പദ്ധതിയും കര്‍ഷകരുടെ ക്ഷേമവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്ക ആരോപിച്ചു. അവസരം നമുക്ക് വീണ്ടും ലഭിച്ചിരിക്കുകയാണ്. കുരുക്ഷേത്ര യുദ്ധം പോലെ, ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പോരാട്ടം പോലെയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ അനീതിക്കും അസത്യത്തിനും അക്രമങ്ങളക്കുമെതിരെയുള്ള പോരാട്ടമാണിത്. നിങ്ങള്‍ തന്നെ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഒരു പറ്റം വ്യവസായികള്‍ക്ക് വേണ്ടിയാണ് നില കൊള്ളുന്നത്.
വാഗ്‌ദാനം ചെയ്‌തത് പോലെ ബിജെപി സര്‍ക്കാരിന് തൊഴിലവസരങ്ങള്‍ നല്‍കാനാകുന്നില്ല. എല്ലാം അദാനിക്കും അംബാനിക്കും വേണ്ടിയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. രാജ്യത്തെ തുറമുഖങ്ങളും വ്യവസായങ്ങളും വിമാനത്താവളങ്ങളുമെല്ലാം വന്‍കിട വ്യവസായികള്‍ക്ക് തീറെഴുതിക്കഴിഞ്ഞു. കാര്‍ഷിക രംഗത്തും ചെറുകിട വ്യവസായ രംഗത്തും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാകുന്നില്ല. അവരുടെ നയങ്ങള്‍ തൊഴില്‍ സൃഷ്‌ടിക്കെതിരായതിനാലാണ് തൊഴിലവസരങ്ങള്‍ ഉണ്ടാകാത്തതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
അഗ്നിപഥ് പദ്ധതിയിലെ അഗ്നിവീറുകള്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. അവര്‍ വീണ്ടും പുതിയ തൊഴിലിനായി അലയേണ്ടി വരുന്നു. ബിജെപി സര്‍ക്കാരിന്‍റെ പരിവാര്‍ പഹ്‌ചാന്‍ പത്ര പദ്ധതിയെയും പ്രിയങ്ക വിമര്‍ശിച്ചു. ഇത് ജനങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും സൃഷ്‌ടിക്കുന്നുണ്ട്. നിങ്ങളെ പത്ത് വര്‍ഷമായി തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്കും ജവാന്‍മാര്‍ക്കും ഗുസ്‌തിതാരങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരെ പത്ത് വര്‍ഷമായി അനീതിയാണ് നമ്മുടെ രാജ്യത്ത് അരങ്ങേറുന്നത്.
ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിഷേധിച്ച കര്‍ഷകരെ കാണാന്‍ മോദി അഞ്ച് നിമിഷം പോലും കണ്ടെത്തിയില്ല. കര്‍ഷകരെ ബാധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാനായിരുന്നു മോദിക്ക് ധൃതി. ഇത്തരം നിയമങ്ങളിലൂടെ വന്‍കിട വ്യവസായികള്‍ക്ക് ഗുണമുണ്ടാകുമെന്ന് മോദി മനസിലാക്കി. കര്‍ഷകര്‍ക്ക് ഇതില്‍ നിന്ന് യാതൊരു പ്രയോജനവുമില്ല. മാസങ്ങളോളം നിങ്ങള്‍ പ്രതിസന്ധി നേരിട്ടു. നിങ്ങളെ തല്ലിച്ചതച്ചു. 750 കര്‍ഷകര്‍ മരിച്ച് വീണു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് വന്നതോടെയാണ് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും പ്രിയങ്ക ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ താങ്ങു വില പ്രഖ്യാപിച്ച 24 വിളകളില്‍ പത്തെണ്ണവും ഹരിയാനയില്‍ ഇല്ലാത്തവയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. അവര്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്. രാജ്യം മുഴുവനും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാരിനെ മാറ്റിയേ തീരൂ. ബിജെപിയെ പുറത്താക്കൂവെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.