റായ്‌പുർ: ഭരണഘടന മാറ്റിയെഴുതാനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്‍റെ കങ്കർ ലോക്‌സഭസ്ഥാനാർഥി ബിരേഷ് ഠാക്കൂറിന്‍റെ പ്രചാരാണത്തിനായി ഛത്തീസ്‌ഗഡിലെ ബലോഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
രാഷ്‌ട്രീയത്തിൽ മതം കലര്‍ത്തുന്നതിനെയും അവർ അപലപിച്ചു. 'ഭരണഘടന നിങ്ങൾക്ക് വോട്ടവകാശം നൽകുകയും സംവരണം നൽകുകയും ഗോത്രവർഗ സംസ്‌കാരത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുകയും ദലിതരുടെ വികസനം സുഗമമാക്കുകയും ചെയ്യുന്നുണ്ട്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഈ ഭരണഘടന മാറ്റിയെഴുതാനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനുമാണ് ആഗ്രഹിക്കുന്നത്. ഭരണഘടനയിലെ ഏത് മാറ്റവും എല്ലാ പൗരന്‍മാരെയും ബാധിക്കുന്നതാണ്. ചോദ്യങ്ങൾ ചോദിക്കുന്നത് ഉൾപ്പെടെയുള്ള അവകാശങ്ങൾ നഷ്‌ടപ്പെട്ടാല്‍ പൗരന്‍മാര്‍ക്ക് മാന്യമായ ജീവിതം സാധ്യമാകില്ല'-പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശം ശരിയല്ലെന്നും 'ഷോഓഫ് പൊളിറ്റിക്‌സ്' ആണ് കേന്ദ്രം കാണിക്കുന്നതെന്നും പ്രയങ്ക വിമര്‍ശിച്ചു. ഈ ഷോഓഫ് പൊളിറ്റിക്‌സിന് രാജ്യത്ത് വന്‍ പ്രചാരണം ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 'ഇന്ന് ഒരു നേതാവ് പൂജ നടത്തുമ്പോൾ ഒരു ക്യാമറ ഉണ്ടായിരിക്കണം. അത് ടെലിവിഷനിൽ കാണിക്കണം. ഇത്തരത്തില്‍ ഷോഓഫാണ് കാണിക്കുന്നത്.
'ഇന്ദിരാജിക്ക് (മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി) ആചാരങ്ങൾ അനുഷഠിക്കാൻ അവരുടേതായ പൂജാ മുറി ഉണ്ടായിരുന്നു. എന്നാൽ അവരത് വ്യക്തിപരമായാണ് ചെയ്‌തത്. അത് ഷോ ഓഫായിരുന്നില്ല. മതം രാഷ്‌ട്രീയത്തിൽ ഉപയോഗിക്കുന്നത് നമ്മുടെ പാരമ്പര്യമല്ല. മതം എന്നാൽ സത്യവും സേവനവുമാണ്, ഒരു നേതാവ് വേദിയിൽ നിന്ന് തെറ്റായ വാഗ്‌ദാനങ്ങൾ നൽകുകയാണെങ്കിൽ, അവര്‍ മതവിശ്വാസിയോ സത്യത്തിന്‍റെ പാതയിലോ അല്ല എന്ന് വേണം മനസിലാക്കാന്‍'- പ്രിയങ്ക ഗാന്ധി പറഞ്ഞു.