ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ അനധികൃത പളളിയും മദ്രസ കെട്ടിടവും പൊളിച്ചതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട മുഖ്യപ്രതി പിടിയില്‍. കഴിഞ്ഞ രണ്ടാഴ്‌ചയോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന അബ്‌ദുൾ മാലിക് എന്നയാളാണ് ഡൽഹിയിൽ നിന്ന് പിടിയിലായത്. ഉത്തരാഖണ്ഡ് പൊലീസ് വക്താവ് നിലേഷ് ആനന്ദ് ഭാർനെ മാലികിന്‍റെ അറസ്‌റ്റ് സ്ഥിരീകരിച്ചു. മാലിക്കിനെ അറസ്‌റ്റ് ചെയ്‌ത ഉത്തരാഖണ്ഡ് പൊലീസ് സംഘത്തിന് ഡിജിപി അഭിനവ് കുമാർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു (Prime Accused In Haldwani Violence Arrested).
മാലിക്കിന് ഒരു വ്യക്തി ഡൽഹിയിൽ അഭയം നൽകിയിരുന്നതായി നൈനിറ്റാൾ എസ്എസ്‌പി പ്രഹ്ളാദ് മീണ ഇടിവി ഭാരതിനോട് പറഞ്ഞു. "കേസിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്താനാകില്ല. മാലിക്കിനെ ഹൽദ്വാനിയിൽ എത്തിക്കുകയാണ്. ഞങ്ങളുടെ എട്ട് ടീമുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. മാലിക്കിൻ്റെ മകൻ മൊയീദ് ഇപ്പോഴും ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്," മീണ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൽദ്വാനിയിലെ സെഷൻസ് കോടതിയിൽ മാലിക്കിൻ്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്ന് മാലിക്കിന് വേണ്ടി ഹാജരായ അഭിഭാഷകരായ അജയ് കുമാർ ബഹുഗുണയും ശൈലഭ് പാണ്ഡെയും പറഞ്ഞു.
കയ്യേറ്റം ഒഴിപ്പിച്ചതോടെ കലാപം:കഴിഞ്ഞ ഫെബ്രുവരി 8 നാണ് ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ കൈയേറ്റ ഭൂമിയില്‍ പണിതുയര്‍ത്തിയ മദ്രസയും നമസ്‌കാരസ്ഥലവും പ്രാദേശിക ഭരണകൂടം പൊളിച്ചുമാറ്റിയത്. സര്‍ക്കാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുകയും ഇതോടെ സ്ഥലത്ത് സംഘർഷമുണ്ടാവുകയുമായിരുന്നു.