ന്യൂഡൽഹി:ഫിജി, ന്യൂസിലാൻഡ്, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടു. ഇന്ന് (05-08-2024) ഫിജിയിലെത്തുന്ന രാഷ്‌ട്രപതി നാളെ ന്യൂസിലൻഡും തുടര്‍ന്ന് ടിമോർ-ലെസ്റ്റേയും സന്ദർശിക്കും. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് രാഷ്‌ട്രപതിയുടെ യാത്രാവിവരം എക്‌സിലൂടെ അറിയിച്ചത്.
ഫിജി പ്രസിഡന്‍റ് റാതു വില്യാമെ മൈവലിലി കറ്റോണിവെറെയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതി മുർമു ഫിജിയിലെത്തുന്നത്. ഇന്ത്യയിലെ ഒരു രാഷ്‌ട്രപതി ഇതാദ്യമായാണ് ഫിജി സന്ദർശിക്കുന്നത്. പ്രസിഡന്‍റ് കറ്റോണിവെരെ, പ്രധാനമന്ത്രി സിതിവേനി റബുക എന്നിവരുമായി രാഷ്‌ട്രപതി ചര്‍ച്ച നടത്തും. ഫിജിയൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്ന മുർമു, ഫിജിയിലെ ഇന്ത്യൻ പ്രവാസികളുമായും സംവദിക്കും.
സന്ദർശനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ഓഗസ്റ്റ് 7 മുതൽ 9 വരെ രാഷ്‌ട്രപതി ന്യൂസിലൻഡ് സന്ദര്‍ശിക്കും. ന്യൂസിലന്‍ഡ് ഗവർണർ ജനറൽ സിൻഡി കിറോയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതി ന്യൂസിലൻഡില്‍ പര്യടനം നടത്തുന്നത്. ഗവര്‍ണര്‍ കിറോയുമായും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായും രാഷ്‌ട്രപതി ഇവിടെ ചര്‍ച്ച നടത്തും. ന്യൂസിലന്‍ഡിലെ ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഷ്‌ട്രപതി ഇന്ത്യക്കാരുമായും സംവദിക്കും.
തിമോർ ലെസ്റ്റെ പ്രസിഡന്‍റ് ജോസ് റാമോസ്-ഹോർട്ടയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതി തിമോർ ലെസ്റ്റിലേക്ക് പോകുന്നത്. ഓഗസ്റ്റ് 10 ന് ഇവിടെ പര്യടനം നടത്തും. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു രാഷ്‌ട്രപതി ടിമോർ ലെസ്റ്റെ സന്ദർശിക്കുന്നത്. ഇവിടെ ടിമോർ ലെസ്റ്റെ പ്രധാനമന്ത്രി സനാന ഗുസ്‌മാവോയുമായി കൂടിക്കാഴ്‌ച നടത്തും.
Also Read :"2029 ലും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിരിക്കുക"; ഇന്ത്യ സഖ്യത്തെ പരിഹസിച്ച് അമിത് ഷാ