മധ്യപ്രദേശ്:മധ്യപ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത ശേഷം ജീവനോടെ തീകൊളുത്തി. മധ്യപ്രദേശിലെ മൊരേന ജില്ലയിലെ ചാന്ദ് കാ പുരയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 80 ശതമാനത്തോളം പൊള്ളലുമായി മുപ്പത്തിനാലുകാരി ഗ്വാളിയോറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബലാത്സംഗത്തിനരയായ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട പീഡനക്കേസ് ഒത്തുതീർപ്പാക്കാനായി ഗ്രാമത്തിലെ ഒരു സ്‌ത്രീയുടെ വീട്ടിലെത്തിയതാണ് യുവതി എന്ന് അംബാ പോലീസ് ഇന്‍സ്‌പെക്‌ടര്‍ അലോക് പരിഹാര്‍ പറഞ്ഞു.
സ്‌ത്രീയുടെ വീട്ടിലെത്തിയ യുവതിയെ ഈ വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സ്‌ത്രീയും മറ്റ് മൂവരും ചേര്‍ന്ന് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.
പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും നടന്ന സംഭവം വിവരിക്കുന്നതുമായ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പീഡനക്കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന, യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ദൃശ്യം പോലീസിന് കൈമാറിയതെന്ന് ഇന്‍സ്‌പെക്‌ടര്‍ പരിഹാര്‍ പറഞ്ഞു. മജിസ്‌ട്രേറ്റ് എത്തി യുവതിയുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പരിഹാര്‍ പറഞ്ഞു.