പട്‌ന: ബിഹാറിൽ നിതീഷ് കുമാർ ബിജെപിയുമായി ചേർന്ന് രൂപീകരിച്ച സഖ്യം 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പെത്തുമ്പോള്‍ തകരുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. നിതീഷുമായി വീണ്ടും കൂട്ടുചേരുന്നതിൽ ബിജെപിക്ക് "വലിയ വില" നൽകേണ്ടിവരുമെന്നും കിഷോർ അവകാശപ്പെട്ടു (Prashant Kishor Comments on JDU BJP alliance).
"നിതീഷ് കുമാറിൻ്റെ മലക്കംമറിച്ചിലിൽ ആശ്ചര്യമില്ല. മഹാഗഡ്ബന്ധനൊപ്പം നിൽക്കില്ലെന്ന് അദ്ദേഹം സഖ്യത്തിനൊപ്പം ചേർന്നത് മുതൽ തന്നെ ഞാൻ പറഞ്ഞിരുന്നു." ബെഗുസാരായിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കിഷോർ പറഞ്ഞു.
ഇന്നത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത് നിതീഷ് 'പാൽതുറാം' ആണെങ്കിൽ (നിറം മാറുന്നയാൾ) നരേന്ദ്ര മോദിയും അമിത് ഷായും വ്യത്യസ്‌തരല്ലെന്ന് കിഷോർ പരിഹസിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപി എന്തോ കണക്കുകൂട്ടൽ നടത്തിയതായി തോന്നുന്നു. എന്നാൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
Also Read:മലക്കംമറിച്ചിലുകളുടെ 'പാൽതു ചാച്ച' ; നിതീഷ് കുമാറിന്‍റെ ചാടിക്കളിയുടെ ചരിത്രം ഇങ്ങനെ
ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ കാലത്ത് കോൺഗ്രസ് ചെയ്‌തത് ഇപ്പോൾ ബിജെപി ചെയ്യുന്നു. കേന്ദ്രത്തിലെ ചെറിയ നേട്ടങ്ങൾക്കായി ഈ രണ്ട് ദേശീയ പാർട്ടികളും ജനപ്രീതിയില്ലാത്ത പ്രാദേശിക നേതാക്കളുമായി കൂട്ടുകൂടിയെന്നും അദ്ദേഹം ആരോപിച്ചു.