ബംഗളൂരു: നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സസ്‌പെൻഷനിലായ ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചു. പ്രജ്വൽ മെയ് 30 ന് മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരങ്ങള്‍. മെയ് 31 ന് പ്രജ്വല്‍ നഗരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.
എംപിമാരും എംഎൽഎമാരുമെല്ലാം ഉൾപ്പെട്ട കേസില്‍ പ്രജ്വലിന്‍റെ അഭിഭാഷകൻ പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജെഡി(എസ്) നേതാവ് എച്ച് ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വൽ 47 കാരിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത് ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയാണ്. ഒരുപാട് സ്‌ത്രീകളെയും പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഹസ്സൻ ലോക്‌സഭ സീറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 27-ന് പ്രജ്വല്‍ ജർമ്മനിയിലേക്ക് കടന്നിരുന്നു. ഇപ്പോഴും ഒളിവിലാണ്.
എസ്ഐടി സമർപ്പിച്ച അപേക്ഷയെ തുടർന്ന് പ്രത്യേക കോടതി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ മെയ് 18 ന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇയാളുടെ പിതാവും ജെഡി(എസ്) എംഎൽഎയുമായ എച്ച് ഡി രേവണ്ണയെ പിന്നീട് എസ്ഐടി അറസ്‌റ്റു ചെയ്‌തു. മെയ് 31 ന് പ്രജ്വൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് എല്ലാ കണ്ണുകളും. പ്രജ്വല്‍ രേവണ്ണയെ ഇറങ്ങിയ നിമിഷം തന്നെ എസ്ഐടി അറസ്‌റ്റ് ചെയ്യാമെന്നാണ് വിവരം.
അതേസമയം, തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്‌റ്റ് ഭയന്ന് പ്രജ്വലിൻ്റെ അമ്മ ഭവാനി രേവണ്ണ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം തേടിയിരുന്നു. എസ്ഐടി അവർക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെതിരെ എതിർപ്പ് ഫയൽ ചെയ്യുകയും അതേ കേസിൽ എച്ച് ഡി രേവണ്ണയ്ക്ക് നൽകിയ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കാനും ആവശ്യപ്പെട്ടു. ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ മെയ് 31ലേക്ക് മാറ്റി.
ALSO READ:പ്രധാനമന്ത്രിയുടെ ധ്യാനം; കന്യാകുമാരിയില്‍ കനത്ത സുരക്ഷ; കാവലിന് രണ്ടായിരം പൊലീസുദ്യോഗസ്ഥര്‍