പൂനെ (മഹാരാഷ്‌ട്ര) : പൂനെ പോർഷെ കാർ അപകടക്കേസിൽ രക്തപരിശോധനയിൽ കൃത്രിമം കാണിച്ചതിന് അറസ്‌റ്റിലായ ഡോക്‌ടർമാർക്ക് പകരം കേസിനെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വകുപ്പ് പുതിയ മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ഡോ. പല്ലവി സാപ്ലെ, ഡോ. ഗജാനൻ ചവാൻ, ഡോ. ചൗധരി എന്നിവരെയാണ് നിയമിച്ചത്.
ഈ സമിതിയിലെ അംഗങ്ങൾ ഇന്ന് (മെയ് 28) സാസൂൺ ആശുപത്രിയിൽ എത്തി. ഇവർ വഴിയാണ് ഇനി അന്വേഷണം നടക്കുക. കല്യാണി നഗറിലെ പോർഷെ കാർ അപകടക്കേസിന്‍റെ അന്വേഷണവും അന്നത്തെ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുമെന്ന് അന്വേഷണ സമിതിയിലെ ഡോ പല്ലവി സാപ്ലെ പറഞ്ഞു.
കൂടാതെ അന്വേഷണത്തിൽ ലഭിക്കുന്ന വിവങ്ങൾ ഉടൻ തന്നെ സർക്കാരിനെ അറിയിക്കും. എന്തെങ്കിലും പ്രോസസ്സിങ് ശരിയായി നടന്നിട്ടുണ്ടോ?, എന്താണ് സംഭവിച്ചത് ?, എന്നീ വിവരങ്ങൾ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും സംഭവം നടന്ന ദിവസം മുതലുള്ള അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. താൻ ഒരു സർക്കാർ പ്രതിനിധിയാണെന്നും തന്നെ നിയമിച്ചത് സർക്കാരാണെന്നും ഡോ പല്ലവി സാപ്ലെ പറഞ്ഞു.