ബെംഗളൂരു:കര്‍ണാടകയില്‍ പോക്‌സോ കേസുകളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ശിവമോഗ ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്‌തത് 468 പോക്‌സോ കേസുകളെന്ന് റിപ്പോര്‍ട്ട്. പോക്‌സോ കേസുകള്‍ക്ക് പുറമെ ജില്ലയില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും വര്‍ധനവുണ്ടായിട്ടുണ്ട്.
പരിചയക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പീഡനത്തിന് ഇരയാകുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. അയല്‍വാസികളില്‍ നിന്നും പീഡനത്തിന് ഇരയാകുന്നവരും കൂടുതലാണ്. ശിവമോഗയില്‍ രജിസ്റ്റര്‍ ചെയ്‌ത 468 കേസുകളില്‍ ശൈശവ വിവാഹം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണികളായിട്ടുള്ള കേസുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായാല്‍ അതും പോക്‌സോ കേസില്‍ ഉള്‍പ്പെടുന്നതാണ്.
രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസുകള്‍:2022ല്‍ 117 പോക്‌സോ കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ 65 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. എന്നാല്‍ 52 കേസുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.
2023ല്‍ 152 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. അതില്‍ 51 കേസുകള്‍ തീര്‍പ്പാക്കുകയും 101 കേസുകള്‍ കെട്ടിക്കിടക്കുകയുമാണ്. ഈ വര്‍ഷം മാര്‍ച്ച് വരെ 44 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌തത്.
ശൈശവ വിവാഹം: 2022ല്‍ 54 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ 26 കേസുകള്‍ തീര്‍പ്പാക്കിയതും 26 കേസുകള്‍ തീര്‍പ്പാക്കാനുള്ളതുമാണ്. 2023ല്‍ 99 ശൈശവ വിവാഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ 11 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. അതേസമയം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവയില്‍ 55 കേസുകളില്‍ ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. അതേസമയം ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 35 കേസുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശിവമോഗയില്‍ വര്‍ഷം തോറും പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ മഞ്ജുനാഥ് പറഞ്ഞു. അതുകൊണ്ട് തന്നെ ശൈശവ വിവാഹവും പോക്‌സോ കേസുകളും തടയാന്‍ തങ്ങളുടെ വകുപ്പ് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ തോറും ബോധവത്‌കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്ന് മഞ്ജുനാഥ് പറഞ്ഞു.
പ്രതികള്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കേസാണ് പോക്‌സോ. ഗുരുതരമായ കേസുകളില്‍ 14 മുതല്‍ 20 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. ഗ്രാമപ്രദേശങ്ങളിലാണ് പോക്‌സോ കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മഞ്ജുനാഥ് പറഞ്ഞു.
Also Read:കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബലാത്സംഗക്കേസിലെ പ്രതി ബെംഗളൂരുവിൽ നിന്ന് പിടിയിൽ