ന്യൂഡൽഹി: ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് മധ്യ വർഗ ജനതയ്‌ക്ക് ആശ്വാസമാവുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ബജറ്റിൽ കർഷകർക്കായി പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തതായും അദ്ദേഹം പറഞ്ഞു.
ഇടക്കാല ബജറ്റ് വിജയകരമായി അവതരിപ്പിച്ചതിന് അദ്ദേഹം ധനമന്ത്രിയെ അഭിനന്ദിച്ചു (Prime Minister Narendra Modi congratulated Finance Minister Nirmala Sitharaman for presenting budget). ഇടക്കാല ബജറ്റാണെങ്കിലും, എല്ലാ കാര്യങ്ങളെയും ഉൾക്കൊള്ളിച്ചതായും വീക്ഷിത് ഭാരതിനെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. ഇത് ബിജെപിയുടെ ഭരണത്തുടർച്ചയുടെ കാര്യത്തിൽ ആത്മവിശ്വാസം നൽകുന്നതാണെന്നും മോദി പറഞ്ഞു. ബജറ്റ് സ്‌ത്രീകളെയും ദരിദ്രരെയും ശാക്തീകരിക്കുന്നതിൽ ഊന്നൽ നൽകുന്നതാണെന്നും, ഇത് പുതിയ ഒരു ഇന്ത്യയെ സൃഷ്‌ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവാക്കൾക്ക് അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള ചവിട്ടുപടിയാണ് ഇന്ന് അവതപരിപ്പിച്ച ബജറ്റ്, 2047 ലെ 'വികസിത ഭാരത്' എന്ന സ്വപ്‌നത്തിന് ഇത് അടിത്തറ പാകിയതായും പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണത്തിനും നവീകരണങ്ങൾക്കുമായി ഒരു ലക്ഷം കോടി അനുവദിക്കുകയും സ്റ്റാർട്ട് അപ്പുകൾക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്‌തതിനെ മോദി അധിനന്ദിച്ചു.