ന്യൂഡൽഹി: ഇന്ത്യ ഒരു മതേതര സിവിൽ കോഡിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതവിവേചനത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡിന്‍റെ ഉദ്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് മോദിയുടെ പരാമര്‍ശം.
യുസിസിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വീണ്ടും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും പലതവണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്താന്‍ മോദി ആഹ്വാനം ചെയ്യുകയും നിർദേശങ്ങൾ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു.
നമ്മൾ ജീവിക്കുന്നത് ഒരു വിധത്തിൽ വർഗീയ സിവിൽ കോഡിലാണെന്നും അത് വിവേചനപരമായ സിവിൽ കോഡാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുകയും വിവേചനത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നിയമങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒരു മതേതര സിവിൽ കോഡ് ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് ആശങ്ക
ഒരു അയൽരാജ്യമെന്ന നിലയിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചാലും അത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിടെ സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
അവിടെയുള്ള ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ 140 കോടി ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. അയൽരാജ്യങ്ങൾ ഐശ്വര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയിലൂടെ സഞ്ചരിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.