ശ്രീനഗർ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം. ശ്രീനഗറിനെ താല്‍ക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡ്രോണുകളുടെ അനധികൃത ഉപയോഗത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അന്താരാഷ്‌ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി മോദി നാളെയാണ് ശ്രീനഗറിലെത്തുന്നത്. വെള്ളിയാഴ്‌ച (ജൂൺ 21) രാവിലെ എസ്‌കെഐസിസിയിൽ നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്‍റെ പ്രധാന പരിപാടിക്ക് അദ്ദേഹം നേതൃത്വം നൽകും. പ്രധാനമന്ത്രിയായി മൂന്നാം തവണയും ചുമതലയേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ കശ്‌മീര്‍ സന്ദര്‍ശനം കൂടിയാണ് ഇത്.
അന്താരാഷ്‌ട്ര യോഗ ദിനാചരണം വെള്ളിയാഴ്‌ച ശ്രീനഗറിലെ ഷേർ-ഇ-കശ്‌മീർ ഇന്‍റർനാഷണൽ കോൺഫറൻസ് സെന്‍ററിൽ (എസ്‌കെഐസിസി) നടക്കുമെന്ന് ആയുഷ് മന്ത്രി പ്രതാപറാവു ജാദവ് പറഞ്ഞു. 'തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ', എന്നതാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ ഈ വർഷത്തെ പ്രമേയം. സമൂഹത്തിന്‍റെ വ്യക്തിത്വവും ക്ഷേമവും വർധിപ്പിക്കുന്നതിൽ യോഗയുടെ പങ്കിനെ ഇത് സൂചിപ്പിക്കുന്നുവെന്ന് ഈ വർഷത്തെ പ്രമേയം എടുത്ത് കാണിച്ച് പ്രതാപറാവു ജാദവ് വ്യക്തമാക്കി.