ന്യൂഡൽഹി: കുട്ടികളുടെ പ്രോഗ്രസ് കാർഡ് രക്ഷിതാക്കൾ തങ്ങളുടെ സ്വന്തം വിസിറ്റിംഗ് കാർഡായി കണക്കാക്കുന്ന പ്രവണത നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികളുമായി നടത്തിയ 'പരീക്ഷ പേ' ചർച്ചക്കിടെയായിരുന്നു പരാമർശം. വിദ്യാർഥികൾ മറ്റുള്ളവരോടല്ല, സ്വയം തങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു.
മത്സരങ്ങളും വെല്ലുവിളികളും ജീവിതത്തിൽ പ്രചോദനമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മത്സരം ആരോഗ്യകരമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്, അത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കും. ചില രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ റിപ്പോർട്ട് കാർഡ് അവരുടെ വിസിറ്റിങ് കാർഡായി കണക്കാക്കുന്നു, ഇത് നല്ലതല്ല," അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളിലെ സമ്മർദ്ദം മൂന്ന് തരത്തിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദം, രക്ഷിതാക്കളുടെ സമ്മർദ്ദം, സ്വയം പ്രേരിപ്പിക്കുന്നത് എന്നിവയാണ് അത്. ചിലപ്പോള്‍ തങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുന്നില്ലെന്നോർത്ത് കുട്ടികൾ സ്വയം സമ്മർദ്ദം ചെലുത്താറുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ ചെറിയ ലക്ഷ്യങ്ങൾ മുന്നില്‍ വച്ച് ക്രമേണ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തണമെന്നും മോദി നിർദ്ദേശിച്ചു.
വിദ്യാർഥികളെ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നവരെന്ന് വിശേഷിപ്പിച്ച മോദി, പരീക്ഷാ പേ ചർച്ചാ പരിപാടി തനിക്കും ഒരു പരീക്ഷ പോലെയാണെന്ന് ചൂണ്ടിക്കാട്ടി. നമ്മുടെ വിദ്യാർഥികൾ നമ്മുടെ ഭാവി രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയുടെ ഏഴാം പതിപ്പാണ് ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ ഇന്ന് നടന്നത്. ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രിക്കൊപ്പം 3000 വിദ്യാർഥികൾ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും രണ്ട് വിദ്യാർഥികളും ഓരോ അധ്യാപകരും വീതം പ്രത്യേക അതിഥികളായി.