ഇംഫാൽ (മണിപ്പൂർ): മണിപ്പൂരിലെ ജനങ്ങളെ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അത് സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം നൽകും. ഇന്ത്യൻ സർക്കാരും സ്വയം ദേശസ്നേഹി എന്ന് കരുതുന്ന എല്ലാവരും മണിപ്പൂരിലെ ജനങ്ങളെ സമീപിക്കുകയും മണിപ്പൂരിൽ സമാധാനം കൊണ്ടുവരണമെന്നും വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
കലാപങ്ങള്‍ തുടങ്ങിയ ശേഷം മൂന്നാം തവണയാണ് താൻ മണിപ്പൂരിൽ വരുന്നതെന്നും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തവണത്തെ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം ജനങ്ങളെ കേൾക്കാനും അവരിൽ ആത്മവിശ്വാസം വളർത്താനുമാണ്. മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിന് മേൽ സമ്മര്‍ദ്ദം ചെലുത്തും. ഇന്ത്യയിലെവിടെയും ഇതുപോലത്തെ സാഹചര്യം കണ്ടിട്ടില്ല, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് പാർട്ടി എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.