കൊളംബോ:ജൂൺ എട്ടിന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വിജയം കൈവരിച്ചതിൽ ശ്രീലങ്കൻ പ്രസിഡൻ്റ് നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇതിനിടെയാണ് മോദി വിക്രമസിംഗെയെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചത്.
വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതായി ശ്രീലങ്കയിലെ പ്രസിഡൻ്റിൻ്റെ മീഡിയ വിഭാഗം എക്‌സിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ എൻഡിഎ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീലങ്ക ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് ഉൾപ്പടെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കളെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്‌ച കേന്ദ്ര കാബിനറ്റ് യോഗം ചേർന്നിരുന്നു. പതിനേഴാം ലോക്‌സഭയെ പിരിച്ചുവിടാൻ യോഗം ശുപാർശ ചെയ്‌തു. ജൂൺ 16 നാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക.