ശ്രീനഗർ: യോഗ ലോകനന്മയ്ക്കുള്ള ശക്തമായ ഏജന്‍റാണെന്നും അത് ആളുകളെ വർത്തമാനകാലത്ത് ജീവിക്കാൻ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ക്ഷേമം ചുറ്റുമുള്ള ലോകത്തിൻ്റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാൻ യോഗ ആളുകളെ സഹായിക്കുന്നുവെന്നും ശ്രീനഗര്‍ എസ്‌കെഐസിസിയിലെ പത്താമത് അന്താരാഷ്ട്ര യോഗാ ദിന പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ആഗോള നന്മയ്ക്കുള്ള കരുത്തുറ്റ ശക്തിയായാണ് ലോകം യോഗയെ കാണുന്നത്. ഭൂതകാലത്തിൻ്റെ ഭാരങ്ങളില്ലാതെ വർത്തമാന നിമിഷത്തിൽ ജീവിക്കാൻ യോഗ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ, വ്യക്തിപരമായ പരിശീലനം മാത്രമല്ല, സാമൂഹികവും ആഗോളവുമായ ക്ഷേമത്തിനുള്ള ഉത്തേജകം കൂടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ആഗോളതലത്തിൽ വ്യക്തിപരവും കൂട്ടായതുമായ ക്ഷേമത്തെ പ്രചോദിപ്പിക്കുന്നതിനുള്ള യോഗയുടെ കഴിവും പ്രാധാന്യവുമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ പ്രതിധ്വനിച്ചത്. നമ്മൾ ഉള്ളിൽ സമാധാനമുള്ളവരായിരിക്കുമ്പോള്‍, ലോകത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ നമുക്ക് കഴിയും. യോഗ സമൂഹത്തിൽ നല്ല മാറ്റത്തിനായുള്ള പുതിയ വഴികൾ സൃഷ്‌ടിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദാൽ തടാകത്തിൻ്റെ തീരത്തുള്ള എസ്‌കെഐസിസിയുടെ പുൽത്തകിടിയിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും നിർത്താതെ പെയ്യുന്ന മഴമൂലം വേദി മാറ്റേണ്ടി വന്നു.