ഗുവാഹത്തി: അസമില്‍ ആന സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അസമിലെത്തിയപ്പോഴാണ് യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കാസിരംഗ നാഷണൽ പാർക്കിലെത്തി ആന സഫാരി നടത്തിയത്. ദേശീയോദ്യാന ഡയറക്‌ടര്‍ സൊണാലി ഘോഷും മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ആനപ്പുറത്തേറിയ പ്രധാനമന്ത്രി പാര്‍ക്ക് മുഴുവന്‍ ചുറ്റികണ്ടു.
ആദ്യമായി ദേശീയദ്യാനം സന്ദര്‍ശിച്ച പ്രധാനമന്ത്രി രണ്ട് മണിക്കൂര്‍ സമയം അവിടെ ചെലവഴിച്ചു. ഉദ്യാനത്തിലെ സന്ദര്‍ശനത്തിനിടെ അവിടെയുള്ള വനിത ഫോറസ്റ്റ് ഗാര്‍ഡുകള്‍, ആന പാപ്പാന്മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു. പാർക്കിന്‍റെ സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
ഉദ്യാനത്തിലെ മൃഗങ്ങളെ ബൈനോക്കുലറില്‍ നിരീക്ഷിക്കുന്നു ജാക്കറ്റും തൊപ്പിയും ധരിച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ കാമറയും കൈയില്‍ കരുതിയായിരുന്നു ആന സഫാരി. 'പ്രദ്യുമ്‌ന' എന്ന ആനയുടെ പുറത്തായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. ആനയുടെ പാപ്പാന്‍ രാജുവും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ലഖിമായി, പ്രദ്യുമ്‌ന, ഫൂൽമായി എന്നീ ആനകള്‍ക്ക് പ്രധാനമന്ത്രി കരിമ്പ് തീറ്റയായും നല്‍കി.
ഡെഫ്‌ലാങ് ടവറില്‍ നിന്നും കാഴ്‌ചകള്‍ ആസ്വദിക്കുന്നു ആന സഫാരിക്ക് പിന്നാലെ പ്രധാനമന്ത്രി അതേ പാര്‍ക്കില്‍ ജീപ്പിലും സഫാരി നടത്തി. ജീപ്പില്‍ സഫാരി നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ വാഹനത്തിന് അരികിലൂടെ ഒരു കടുവ പാഞ്ഞ് പോയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം, കാട്ടുപോത്ത്, മാനുകൾ, നിരവധി പക്ഷികൾ എന്നിവയെ അദ്ദേഹം ദേശീയോദ്യാനത്തില്‍ കണ്ടുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആനപ്പുറത്തേറി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശന വേളയില്‍ നിരവധി പക്ഷി മൃഗാദികളുടെ ഫോട്ടോകളും അദ്ദേഹം പകര്‍ത്തി. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് മാര്‍ച്ച് 7 മുതല്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. സുരക്ഷ കണക്കിലെടുത്താണ് നടപടി. സന്ദര്‍ശനത്തിന് ശേഷം മാര്‍ച്ച് 10ന് വീണ്ടും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
അസമിലെ സന്ദര്‍ശന വേളയില്‍ നിന്നുള്ള ദൃശ്യം. സന്ദര്‍ശനത്തിന് പിന്നാലെ തന്‍റെ അനുഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റിട്ടു. 'കാണ്ടാമൃഗങ്ങള്‍ക്ക് പേര് കേട്ടയിടമാണ് കാസിരംഗ. എന്നാല്‍ ആനകള്‍ അടക്കം നിരവധി മൃഗങ്ങള്‍ അവിടെയുണ്ടെന്നും' അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി രണ്ട് ദിവസം അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്‌ചയാണ് (മാര്‍ച്ച് 8) പ്രധാനമന്ത്രി അസമിലെത്തിയത്. സംസ്ഥാനത്തെത്തിയ മോദിയ്‌ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് കാസിരംഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്‌ഷോ നടത്തി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഉച്ചയ്‌ക്ക് ശേഷം ജോര്‍ഹട്ടിലെ അഹോം ജനറല്‍ ലചിത് ബര്‍ഫുകന്‍റെ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്‌തു. തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി സംസ്ഥാനത്ത് 18,000 കോടി രൂപയുടെ പദ്ധതികളും ഉദ്‌ഘാടനം ചെയ്‌തു.
കാസിരംഗ ദേശീയോദ്യാനത്തിലെ ജീപ്പ് സഫാരി ഇതിനെല്ലാം ശേഷമാണ് കാസിരംഗയിലെത്തി പാര്‍ക്കില്‍ സഫാരി നടത്തിയത്. കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണ് കാസിരംഗ നാഷണല്‍ പാര്‍ക്ക്. 600ലധികം പക്ഷികളും അതോടൊപ്പം ഡോള്‍ഫിനുകളും ഇവിടെയുണ്ട്. നിരവധി കടുവകളുടെയും ആവാസ കേന്ദ്രമാണിവിടം.
ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കാസിരംഗയില്‍ 2200ലധികം ആനകളും കാണ്ടാമൃഗങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 1908ലാണ് കാസിരംഗയില്‍ പാര്‍ക്ക് നിര്‍മിച്ചത്. കിഴക്കൻ ഹിമാലയൻ ജൈവവൈവിധ്യ മേഖലയായ ഗോലാഘട്ട്, നാഗോൺ എന്നീ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നതാണ് കാസിരംഗ. 1985ലാണ് യുനെസ്‌കോ ഈ പാര്‍ക്കിനെ ലോക പൈതൃക ഇടമായി പ്രഖ്യാപിച്ചത്. 1985ൽ യുനെസ്കോ ഈ പാർക്കിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.
വികസന പദ്ധതികള്‍ക്ക് തുടക്കം:അസമിലെ സന്ദര്‍ശന വേളയില്‍ കോടി കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി ടിന്‍സുകിയ മെഡിക്കല്‍ കോളജിന്‍റെ ഉദ്‌ഘാടനവും പിഎം-ഡിവൈന്‍ പദ്ധതിക്ക് കീഴില്‍ വരുന്ന ശിവസാഗര്‍ മെഡിക്കല്‍ കോളജുകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. വരും ദിവസങ്ങളില്‍ 3,992 കോടി രൂപ ചെലവിൽ ബറൗണി മുതൽ ഗുവാഹത്തി വരെയുള്ള പൈപ്പ്‌ലൈൻ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച 5.5 ലക്ഷം വീടുകളുടെ ഗൃഹപ്രവേശന ചടങ്ങുകള്‍ക്കും അദ്ദേഹം സാക്ഷ്യം വഹിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അസമിലെത്തിയത്. ബിജെപിയ്‌ക്ക് വിജയ സാധ്യതയുള്ള സംസ്ഥാനത്തെ സ്ഥലങ്ങളിലെത്തി അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.