ന്യൂഡൽഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മുന്നണിയിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് മോദി രാജ്യസഭയിൽ ആഞ്ഞടിച്ചത്. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശം ആയുധമാക്കിയായിരുന്നു മോദിയുടെ ആക്രമണം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റെങ്കിലും നേടാൻ കഴിഞ്ഞേക്കുമെന്നും അവർക്കായി പ്രാർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
പാർലമെന്‍റിലെ സംവാദങ്ങൾ കേൾക്കണമെന്ന ഉദ്ദേശത്തോടെയല്ല പ്രതിപക്ഷം വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന് തന്‍റെ ശബ്‌ദം അടിച്ചമർത്താൻ കഴിയില്ല. നേതാവിനും നയത്തിനും ‘ഗ്യാരണ്ടിയില്ലാത്ത’ കോൺഗ്രസാണ് തൻ്റെ നയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും മോദി തുറന്നടിച്ചു.
ജനാധിപത്യത്തിലെ കറുത്ത ചരിത്രമാണ് കോണ്‍ഗ്രസിന്‍റേത്. വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് എല്ലായ്‌പ്പോഴും കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോൾ തെക്കേ ഇന്ത്യ വിഭജനം അടക്കമുള്ള ചർച്ചകളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്നും കോണ്‍ഗ്രസ് എംപി ഡികെ സുരേഷിന്‍റെ വിവാദ പരാമർശത്തെ ഉന്നമിട്ട് പ്രധാനമന്ത്രി വിമർശിച്ചു. ഇന്ത്യൻ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും കോൺഗ്രസ് അടിമത്ത മനോഭാവം തുടർന്നു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷുകാരുടെ ശിക്ഷാ നിയമം മാറ്റാഞ്ഞതെന്നും മോദി ചോദിച്ചു.