കേരളം

kerala

ETV Bharat / bharat

തെലങ്കാനയിലെ എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ശ്രമിച്ചവരില്‍ കേരളത്തില്‍ നിന്നുള്ള സ്വാമിയും; നിര്‍ണായക വിവരങ്ങൾ പുറത്ത് - Phone Tapping Case - PHONE TAPPING CASE

പ്രതിപക്ഷത്തിന്‍റെ നീക്കങ്ങള്‍ അറിയാനാണ് ബിആര്‍എസ് ഫോണ്‍ ചോര്‍ത്തിയതെന്ന് രാധാകിഷൻ റാവു. ഓപ്പറേഷന്‍ താമരയ്‌ക്ക് ശ്രമിച്ചവരില്‍ കേരളത്തില്‍ നിന്നുള്ള സ്വാമി ഉണ്ടായിരുന്നു. ബിആര്‍എസ് നേതാക്കളുടെയും വ്യാപാരികളുടെയും റിയല്‍ എസ്‌റ്റേറ്റ് ഉടമകളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നും രാധാകിഷന്‍ റാവു.

PHONE TAPPING CASE TELANGANA  RADHAKISHAN RAO CASE  ഫോണ്‍ ചോര്‍ത്തല്‍ കേസ്  ബിആര്‍എസിന്‍റെ ഫോണ്‍ ചോര്‍ത്തല്‍
- (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 3:35 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷന്‍ താമരയ്‌ക്ക് ശ്രമിച്ചവരില്‍ കേരളത്തില്‍ നിന്നുള്ള സ്വാമിജിയും. പങ്ക് വ്യക്തമായത് ഫോണ്‍ ചോര്‍ത്തല്‍ കേസ് സംബന്ധിച്ചുള്ള പ്രതിയുടെ മൊഴിയില്‍ നിന്ന്. സംഘം സംസാരിച്ച ഫാം ഹൗസില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്. സംഭവത്തിന് പിന്നാലെ സ്വാമിജി കേരളത്തിലേക്ക് രക്ഷപ്പെട്ടെങ്കിലും കണ്ടെത്താനായില്ലെന്നും ഫോണ്‍ ചേര്‍ത്തല്‍ കേസില്‍ അറസ്‌റ്റിലായ മുന്‍ ഡിസിപി രാധാകിഷന്‍ റാവുവിന്‍റെ മൊഴി.

മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ഒരു പ്രാധാന വ്യക്തിയാണ് ഓപ്പറേഷന്‍ താമരയ്‌ക്കായി തെലങ്കാനയിലെത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ കേരളത്തിലേക്ക് മടങ്ങി. അന്വേഷണത്തിനായി എസ്‌പി രമ രാജേശ്വരിയും എസ്ഐബി സിഐ ഗട്ടു രാജമല്ലുവും പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിയെങ്കിലും സ്വാമിയെ കണ്ടെത്താനായില്ലെന്നും രാധാകിഷന്‍ റാവു പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് മൊഴിയിലൂടെ പുറത്ത് വന്നിട്ടുള്ളത്. എസ്‌ഐബി ഐജി പ്രഭാകര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് ഫോണ്‍ ചോര്‍ത്തിയിരുന്നതെന്ന് രാധാകിഷന്‍ റാവു പറഞ്ഞു. എല്ലാ കാര്യങ്ങളിലുമുള്ള പ്രതിപക്ഷത്തിന്‍റെ നീക്കം പരിശോധിക്കുന്നതിനാണ് ഫോണ്‍ ചോര്‍ത്തിയിരുന്നതെന്നും രാധാകിഷന്‍ റാവു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പ്രഭാകര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ താനും അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. വിവിധ പാർട്ടി നേതാക്കളുടെ ഫോണുകൾ നിരീക്ഷിച്ച് ശേഖരിക്കുന്ന വിവരങ്ങൾ പ്രണീത് റാവു തനിക്ക് അയച്ചു തന്നു. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ആരംഭിച്ച ഫോണ്‍ ചോര്‍ത്തല്‍ 2023 ലെ തെരഞ്ഞെടുപ്പിലും തുടര്‍ന്നു. അതിനിടെ 2020ല്‍ പ്രഭാകര്‍ റാവു വിരമിച്ചെങ്കിലും കെസിആര്‍ വീണ്ടും അദ്ദേഹത്തെ എസ്‌ഐബി തലവനായി നിയമിച്ചു.

കുറച്ച് കാലം രഹസ്യാന്വേഷണ വിഭാഗം മേധാവിയായും റാവു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ മാത്രമല്ല മറിച്ച് ബിആര്‍എസിലെ തന്നെ ഏതാനും നേതാക്കളുടെയും ഫോണ്‍ കോളുകള്‍ ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ടെന്നും രാധാകിഷന്‍ റാവു പറഞ്ഞു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന രാഷ്‌ട്രീയ സംഭവങ്ങള്‍ ബിആര്‍എസിനും പാര്‍ട്ടി നേതാക്കള്‍ക്കും ഭീഷണിയായിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം നിരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയത്. ഇതിന് പുറമെ പ്രധാന വ്യാപാരികളുടെയും റിയല്‍ എസ്‌റ്റേറ്റ് ഉടമകളുടെ ഫോണ്‍ കോളുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

ബിജെപിയെ പൂട്ടാനും ബിആര്‍എസ്: ദുബ്ബാക്ക, ഹുസുറാബാദ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെയാണ് കെസിആറും ബിആര്‍എസും ബിജെപിയെ പൂട്ടാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും തന്തൂര്‍ എംഎല്‍എയുമായ രോഹിത്‌ റെഡ്ഡിയെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മനസിലാക്കിയ ബിആര്‍എസ് ബിജെപി നേതാക്കളുടെ ഫോണുകളും ചോര്‍ത്താന്‍ തുടങ്ങി. ഫോണ്‍ ചോര്‍ത്തി ലഭിച്ച വിവരങ്ങള്‍ പ്രണീത് റാവു ക്ലിപ്പുകളാക്കി കെസിആറിന് നല്‍കുകയും ചെയ്‌തു.

അതിനിടെ ബിജെപിയിലേക്ക് എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തിയ ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നന്ദകുമാര്‍, തിരുപ്പതിയില്‍ നിന്നുള്ള രണ്ട് സന്ന്യാസിമാര്‍ എന്നിവരുടെ സംഭാഷണങ്ങളും നീക്കങ്ങളും മനസിലാക്കാന്‍ അവരെത്തിയ ഫാം ഹൗസില്‍ സ്‌പൈ ക്യാമറകളും സ്ഥാപിച്ചു. ടാസ്‌ക് ഫോഴ്‌സ് സിഐ ശ്രീനാഥ് റെഡ്ഡി, എസ്ഐ ശ്രീകാന്ത് എന്നിവരെ ഡല്‍ഹിയിലേക്ക് വിട്ടാണ് സ്‌പൈ ക്യാമറകള്‍ എത്തിച്ചത്. തുടര്‍ന്ന് ടാസ്‌ക് ഫോഴ്‌സ് ഓഫീസർമാരായ അശോക് റെഡ്ഡി, മല്ലികാർജുൻ, ശ്രീകാന്ത് എന്നിവരാണ് ക്യാമറകള്‍ ഫാം ഹൗസില്‍ സ്ഥാപിച്ചതെന്നും രാധാകിഷൻ റാവു പറഞ്ഞു.

Also Read:ഫോണ്‍ ചോര്‍ത്തല്‍ കേസ്; ഹൈദരാബാദിൽ മുൻ ഡിസിപി അറസ്‌റ്റിൽ

ABOUT THE AUTHOR

...view details