ന്യൂഡൽഹി:കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ പഴങ്ങളുടേയും പച്ചക്കറികളുടേയും ആളോഹരി ലഭ്യത യഥാക്രമം 7,12 കിലോയായി വർധിച്ചുവെന്ന് എസ്‌ബിഐയുടെ റിസർച്ച് റിപ്പോർട്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രതിശീർഷ ഉത്‌പാദനം പ്രധാനമായും വർധിച്ചത്. ഇന്ത്യയിൽ പ്രതിവർഷം 227 കിലോ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം വിളവെടുപ്പ്, സംഭരണം, ഗ്രേഡിങ്, ഗതാഗതം എന്നിവയ്ക്കിടെ ഉത്‌പന്നങ്ങൾ വലിയതോതിൽ നശിക്കുന്നുണ്ട്. മാത്രമല്ല കാലാവസ്ഥ വ്യതിയാനം ഭക്ഷ്യധാന്യ ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കാർഷിക ഉത്‌പാദനത്തെയും വിതരണ ശൃംഖലയെയും ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൂടിന്‍റെയും തണുപ്പിന്‍റെയും ആഘാതം ഭക്ഷ്യധാന്യ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്‍റെ അഭിപ്രായത്തിൽ, ഗോതമ്പ് പാകമാകുന്ന സമയം (Grain Filling Period) 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഒരോ ഡിഗ്രി സെൽഷ്യസ് കൂടുന്നതിനനുസരിച്ച് വിളവ് കുറയും. ഈ ആവർത്തിച്ചുള്ള കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യവസ്‌തുക്കളുടെ വില മൂന്ന് മുതൽ നാല് ശതമാനം വരെ ഉയരാൻ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.