പാറ്റ്ന: ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ശ്രദ്ധേയമായൊരു പോരാട്ടം പുരണിയയിലേതായിരുന്നു. ഇവിടെ ഇന്ത്യ മുന്നണിയേയും എന്‍ഡിഎയേയും പരാജയപ്പെടുത്തി വിജയം കണ്ടത് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. പക്ഷേ ഈ സ്വതന്ത്രന്‍ ചില്ലറക്കാരനല്ല. മുമ്പ് നിരവധി തവണ പാര്‍ലമെന്‍റ് അംഗമായിരുന്ന ക്രിമിനല്‍ രാഷ്ട്രീയക്കാരനെന്ന് കുപ്രസിദ്ധി നേടിയ നേതാവായ രാജേഷ് രഞ്ജന്‍ എന്ന സാക്ഷാല്‍ പപ്പു യാദവാണ് പുരണിയ മണ്ഡലത്തിലെ പുതിയ ജന പ്രതിനിധി.
ഇവിടുത്തെ പോരാട്ടം ഇത്തവണ ജെഡിയുവിനും ആര്‍ജെഡിക്കും ഒരു പോലെ അഗ്നി പരീക്ഷയായിരുന്നു. രണ്ടുമുന്നണി സ്ഥാനാര്‍ഥികളേയും പിന്തള്ളിക്കൊണ്ടാണ് പപ്പു യാദവ് ഇവിടെ വിജയിച്ചത്. 23847 വോട്ടായിരുന്നു ഭൂരിപക്ഷം. പക്ഷേ കൗതുകകരമായത് അതല്ല. ഇന്ത്യ മുന്നണി സ്ഥാനാര്‍ഥി ആര്‍ജെഡിയിലെ ബീമാ ഭാരതിക്ക ഇവിടെ കിട്ടിയത് കേവലം 27120 വോട്ട് മാത്രമാണെന്നതാണ്.
ദീര്‍ഘ കാലം ജെഡിയു നേതാവും എംഎല്‍എയും മന്ത്രിയുമൊക്കെയായിരുന്ന ബീമ ഭാരതി തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മറുകണ്ടം ചാടിയാണ് ആര്‍ജെഡി സ്ഥാനാര്‍ഥിയായി പുരണിയയില്‍ എത്തിയത്. നിതീഷിനെ തള്ളിയെത്തിയ ബീമ ഭാരതിക്ക് കണ്ണും പൂട്ടി ലാലു പ്രസാദ് യാദവ് സീറ്റും നല്‍കി. 2014 ലും 2019 ലും മണ്ഡലത്തില്‍ വിജയിച്ച ആത്മവിശ്വാസവുമായി സിറ്റിങ് എംപി സന്തോഷ് കുശ്‌വാഹയാണ് ജെഡിയുവിന് വേണ്ടി വീണ്ടും മത്സരിച്ചത്. 5,43,709 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.
സീറ്റ് വിഭജനത്തില്‍ പുരണിയ സീറ്റ് ആര്‍ജെഡിക്ക് പോയതോടെയാണ് പപ്പുയാദവ് സ്വതന്ത്രനായി മത്സര രംഗത്തിറങ്ങിയത്. രുപൗളി മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ വിജയിച്ച ബീമ ഭാരതിയുടെ ട്രാക്ക് റെക്കോഡ് ജെഡിയുവിന് ഭീഷണിയാകുമെന്നായിരുന്നു ആര്‍ജെഡി കണക്കു കൂട്ടിയത്. നിതീഷ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബീമ സിങ്ങിന് മണ്ഡലത്തിലെ ജെഡിയു പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടെന്ന കണക്കു കൂട്ടല്‍ പക്ഷേ പാളി.