പനാജി: സിഎഎക്ക് കീഴിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവയിലെ ആദ്യ പൗരനായി പാകിസ്ഥാൻ ക്രിസ്ത്യൻ ജോസഫ് ഫ്രാൻസിസ് എ. പെരേര. സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ഇദ്ദേഹത്തിന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. സിഎഎ നടപ്പിലാക്കിയതിന് ജോസഫ് ഫ്രാൻസിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി പറഞ്ഞു.
പങ്കാളിക്ക് ഇന്ത്യൻ പൗരത്വമുള്ളതിനാൽ ജോസഫ് ഫ്രാൻസിസ് മാത്രമായിരുന്നു പൗരത്വത്തിന് അപേക്ഷിച്ചത്. 1960ലാണ് ജോസഫ് പാകിസ്ഥാനിലേക്ക് പോയത്. അവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസഫ് 37 വർഷം ബഹ്റൈനിൽ ജോലി ചെയ്‌തു. 2013ൽ വിരമിച്ച ശേഷമാണ് പിന്നീട് ഗോവയിലെത്തുന്നത്. അന്ന് മുതൽ കുടുംബത്തോടൊപ്പമാണ് താമസമെന്നും ജോസഫ് ഫ്രാൻസിസ് പറഞ്ഞു.
പാകിസ്ഥാനിൽ ധാരാളം ഗോവ സ്വദേശികളുണ്ട്. എന്നാല്‍ 1979ന് ശേഷം താൻ ഗോവ സന്ദർശിച്ചിട്ടില്ല. തൊഴിലവസരങ്ങൾ കുറവായതിയതിനാൽ ബുദ്ധിമുട്ടുന്ന ധാരാളം പേരെ തന്‍റെ വിദ്യാഭ്യാസകാലത്ത് താൻ കണ്ടുമുട്ടിയിട്ടുണ്ടെന്നും ഫ്രാൻസിസ് പറഞ്ഞു. വിവാഹിതരായ കാലം തൊട്ട് പൗരത്വത്തിനായി ശ്രമിച്ചെങ്കിലും ഇപ്പോൾ സിഎഎ വഴി ശ്രമിച്ചപ്പോഴാണ് ഫലം കണ്ടതെന്നും ജോസഫ് പ്രതികരിച്ചു.
ജോസഫ് ഫ്രാന്‍സിസിന് പൗരത്വം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രതികരിച്ചു. ഒരുപാട് വിവാദങ്ങളെയും പ്രതിഷേധങ്ങളെയും മറികടന്നായിരുന്നു ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച അയൽ രാജ്യങ്ങളിൽ നിന്നുള്ള (ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ) ഹിന്ദുക്കൾ, സിഖ്, ജൈന, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധമതക്കാർ എന്നിവർക്ക് പൗരത്വാവകാശം നൽകാനാണ് നിയമം ലക്ഷ്യമിടുന്നത്. ഇതിൽ നിന്നും മുസ്‌ലീം വിഭാഗത്തെ മാത്രം മാറ്റിനിർത്തിയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Also Read:പൗരത്വ ഭേദഗതി നിയമം: ആശങ്ക രേഖപ്പെടുത്തി യുഎസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം