ന്യൂഡൽഹി : ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്‍റ് (സിഎച്ച്ജി) യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്ഥാൻ. ഒക്‌ടോബർ 15, 16 തീയതികളിലാണ് യോഗം നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, മോദിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ആലോചനയുണ്ടെന്നും വിവരമുണ്ട്. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റൊട്ടേറ്റിങ് ചെയർമാൻ സ്ഥാനം വഹിക്കുന്ന ആതിഥേയ രാജ്യം എന്ന നിലയില്‍, എസ്‌സിഒ പ്രോട്ടോക്കോൾ അനുസരിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യയെ യോഗത്തിന് ക്ഷണിച്ചത്. എസ്‌സിഒ രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടികളിൽ പ്രധാനമന്ത്രി മോദി മുമ്പ് തുടർച്ചയായി പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ കസാക്കിസ്ഥാനിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ബിഷ്‌കെക്കിൽ നടന്ന സിഎച്ച്ജി യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
ജമ്മുവില്‍ അടുത്ത കാലത്തായി നടന്ന ഭീകരാക്രമണങ്ങളും കശ്‌മീരിനെച്ചൊല്ലിയുള്ള തർക്കങ്ങളും ഉൾപ്പെടെയുള്ള സമീപകാല സംഘർഷങ്ങൾ കണക്കിലെടുത്ത് പാകിസ്ഥാനില്‍ നടക്കുന്ന യോഗത്തിൽ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.
Also Read :പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ടീം റെഡി; ഈ കാര്യം കൂടി അനുകൂലമാകണമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ്