ന്യൂഡല്‍ഹി :ഈ വര്‍ഷത്തെ പത്മ പുരസ്‌കാര ജേതാക്കള്‍ക്ക് പുരസ്‌കാരം രാഷ്‌ട്രപതി വിതരണം ചെയ്‌തു. ഡല്‍ഹിയിലെ രാഷ്‌ട്രപതി ഭവനിലാണ് ചടങ്ങ് നടന്നത്. എട്ട് മലയാളികളാണ് ഇക്കൊല്ലത്തെ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ജസ്‌റ്റിസ് ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പദ്‌മഭൂഷണ്‍ ലഭിച്ചു. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്‌ജി ജസ്‌റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് പദ്‌മഭൂഷണ്‍ പ്രഖ്യാപിച്ചത്. പൊതുരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ രാജഗോപാലിന് പദ്‌മഭൂഷണ്‍ നല്‍കിയത്.
കഥകളി ആചാര്യന്‍ സദനം ബാലകൃഷ്‌ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം) ആധ്യാത്മിക ആചാര്യന്‍ മുനി നാരായണ പ്രസാദ്, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മി ഭായ് എന്നീ മലയാളികളാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.