ആന്ധ്രാപ്രദേശ് :ലോൺ ആപ്പുകളുടെ കെണിയിൽ വീണ് എഞ്ചിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്‌തു. വിജയവാഡയ്ക്കടുത്തുള്ള പ്രശസ്‌തമായ എഞ്ചിനീയറിങ് കോളജിൽ അവസാന വർഷ വിദ്യാർഥിയായ വംശിയാണ് ലോൺ ആപ്പ് നടത്തിപ്പുകാരുടെ സമ്മർദ്ദം താങ്ങാനാവാതെ കൃഷ്‌ണ നദിയിൽ ചാടി ആത്മഹത്യ ചെയ്‌തത്.
വംശി ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽ കുടുങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റ് വഴി ലഭിച്ച സോഫ്റ്റ്‌വെയർ ജോലിക്ക് ജോയിൻ ചെയ്യാൻ ഏതാനം മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആത്മഹത്യ. ഉയർന്ന പലിശയ്ക്കായുള്ള ഓൺലൈൻ അഡ്‌മിനിസ്ട്രേറ്റർമാരുടെ സമ്മർദമാണ് ആത്മഹത്യയ്‌ക്ക് കാരണം.
പഠനത്തിൽ എന്നും മികവ് പുലർത്തിയിരുന്ന വംശി നാല് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ, പുതിയ കരിയർ തുടങ്ങാനിരിക്കെയാണ് ലോൺ ആപ്പുകളുടെ കെണിയിൽ വീണത്. പ്രധാന തുക തിരിച്ചടച്ചിട്ടും, ആപ്പ് അഡ്‌മിനിസ്‌ട്രേറ്റർമാർ അമിതമായ പലിശയ്‌ക്കായി നിരന്തരം വംശിയിൽ സമ്മർദം ചെലുത്തിയിരുന്നു. കട ബാധ്യത വീട്ടിൽ തുറന്നുപറയാനാകാതെ ഈ മാസം 25-ന് വംശി വീടുവിട്ടിറങ്ങി കൃഷ്‌ണ നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
വംശി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അച്‌ഛന്‍റെ സെൽഫോണിൽ 'എന്നോട് ക്ഷമിക്കൂ' എന്ന സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയും രണ്ട് ദിവസമായി ഇയാളെ തിരയുകയുമായിരുന്നു. നദീതീരത്ത് വംശിയുടെ ബൈക്ക് കണ്ടെത്തിയെങ്കിലും അയാൾ എവിടെയാണെന്നുള്ളത് അജ്ഞാതമായിരുന്നു.