ന്യൂഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നവംബര്‍ 26 ന് ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രപതി ദ്രൗപതി മുർമു, വൈസ് പ്രസിഡന്‍റ് ജഗ്‌ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.
1949 നവംബർ 26 ന് ഭരണഘടനാ നിർമാണ സഭ ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്‍റ് മന്ദിരമായ സംവിധാൻ സദനിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. 1949 നവംബർ 26 ന് ഭരണഘടന അംഗീകരിച്ചിരുന്നുവെങ്കിലും 1950 ജനുവരി 26 നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്.
നവംബര്‍ 26ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഭരണഘടനയുടെ പകർപ്പുകൾ സംസ്‌കൃതത്തിലും മൈഥിലിയിലും വിതരണം ചെയ്യും. കൂടാതെ ഭരണഘടനാദിനത്തോട് അനുബന്ധിച്ചുള്ള നാണയവും സ്‌റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്യും. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് പുസ്‌തങ്ങള്‍ പുറത്തിറക്കും. "ഭരണഘടനയുടെ നിർമാണം: ഒരു കാഴ്‌ച ", "ഭരണഘടനയുടെ നിർമാണവും അതിന്‍റെ മഹത്തായ യാത്രയും" എന്നീ രണ്ട് പുസ്‌തകങ്ങളാണ് പുറത്തിറക്കുക.
ഇതിനുപുറമെ, ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള ഒരു ബുക്ക്‌ലെറ്റും പ്രത്യേക പരിപാടിയില്‍ പുറത്തിറക്കുമെന്നും പാർലമെന്‍ററി കാര്യ മന്ത്രി വ്യക്തമാക്കി. പ്രസിഡന്‍റ് ദ്രൗപതി മുർമുവിനൊപ്പം ഭരണഘടനയുടെ ആമുഖം ഇന്ത്യയിലും വിദേശത്തുമുള്ളവരും വായിക്കുമെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
എൻഡിഎ സര്‍ക്കാര്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിപാടി നടത്തുന്നതെന്നും ശ്രദ്ധേയമാണ്. പരിപാടിയില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരും പങ്കെടുക്കും.