അമരാവതി : അദാനി ഗ്രൂപ്പുമായി തങ്ങളുടെ സർക്കാരിന് നേരിട്ട് കരാറില്ലെന്നാവര്‍ത്തിച്ച് ആന്ധ്രാപ്രദേശ് വൈഎസ്‌ആര്‍സിപി. 2021ൽ ഒപ്പുവച്ച വൈദ്യുതി വിൽപ്പന കരാർ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എസ്ഇസിഐ) എപി ഡിസ്കോമും തമ്മിലാണെന്നും വൈഎസ്ആർസിപി. കൈക്കൂലി ആരോപണത്തില്‍ യുഎസ് അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പ്രതികരണം.
വൈഎസ്ആർ ഭരണകാലത്ത് ആന്ധ്രാപ്രദേശിൽ സൗരോർജ കരാറുകൾക്കായി കൈക്കൂലി നൽകിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. 2021 നവംബറിൽ 7,000 മെഗാവാട്ട് വൈദ്യുതി സംഭരണത്തിന് എപി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയതായും അതിനുശേഷം 2021 ഡിസംബർ ഒന്നിന് എസ്ഇസിഐയും എപി ഡിസ്കോമും തമ്മിൽ വൈദ്യുതി വിൽപ്പന കരാർ (പിഎസ്എ) ഒപ്പുവച്ചതായും പാര്‍ട്ടി പ്രസ്ഥാവനയില്‍ അറിയിച്ചു. 2021ലും 2022ലും സർക്കാർ ഉദ്യോഗസ്ഥരുമായി അദാനി നേരിട്ട് കൂടിക്കാഴ്‌ച നടത്തുകയും എസ്ഇസിഐയുമായി വൈദ്യുതി വിൽപ്പന കരാറുകളിൽ ഒപ്പുവയ്‌ക്കാൻ കൈക്കൂലി വാഗ്‌ദാനം ചെയ്‌തു എന്നുമാണ് യുഎസ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ചർച്ച നടന്ന കാലയളവിൽ ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. അദാനിയും അദ്ദേഹത്തിൻ്റെ ബന്ധു സാഗറും ഉൾപ്പെടെ ഏഴ് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയെന്നും യുഎസ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികരണം.
'എസ്ഇസിഐ ഒരു ഭാരത സര്‍ക്കാര്‍ സംരംഭമാണ്. എപി ഡിസ്കോമും അദാനി ഗ്രൂപ്പിൽ ഉൾപ്പെടുന്ന മറ്റേതെങ്കിലും സ്ഥാപനങ്ങളും തമ്മിൽ നേരിട്ട് യാതൊരു കരാറുമില്ലെന്നും അതിനാൽ കുറ്റപത്രത്തിലെ ആരോപണങ്ങൾ തെറ്റാണെ'ന്നുമാണ് വൈഎസ്ആറിൻ്റെ വാദം. യുഎസ് ഫെഡറൽ കോടതിയിലെ കുറ്റപത്രം അനുസരിച്ച് 2021ൽ വൈദ്യുതി വിതരണ കരാറുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ അദാനി ഗ്രീനിൽ നിന്ന് 200 മില്യൺ ഡോളർ കൈക്കൂലി കൈപ്പറ്റിയതായി കുറ്റപത്രത്തിൽ പറയുന്നു.