ന്യൂഡൽഹി:കൊലപാതക കേസിലും ഭീകരാക്രമണത്തിന് പണം നൽകിയ കേസിലും ശിക്ഷിക്കപ്പെട്ട യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന എൻഐഎ നൽകിയ ഹർജിയില്‍ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി മെയ് മാസത്തേക്ക് മാറ്റി. ഈ കേസ് പരിഗണിക്കുന്ന ബെഞ്ച് ബുധനാഴ്‌ച ലഭ്യമല്ലാത്തതിനാലാണ് വാദം കേൾക്കുന്നത് മാറ്റിവച്ചത് (Delhi High Court Postpones Hearing in NIA Plea For Death Sentence To Yasin Malik).
കേസും ശിക്ഷയും ഇങ്ങനെ: 2019 ൽ അറസ്‌റ്റിലായ യാസിന് ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കഴിഞ്ഞവർഷം എൻഐഎ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. 2022 മെയ് 25 ന് പട്യാല ഹൗസ് കോടതി യാസിൻ മാലിക്കിനെ കൊലപാതകം, തീവ്രവാദ ഫണ്ടിങ് കേസുകൾ എന്നിവ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
യുഎപിഎ സെക്ഷൻ 17 പ്രകാരം 10 ലക്ഷം രൂപ പിഴയും, സെക്ഷൻ 18 പ്രകാരം പത്ത് വർഷം തടവും 10,000 രൂപ പിഴയും, സെക്ഷൻ 20 പ്രകാരം പത്ത് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. യാസിൻ മാലിക്കിന് ലഭിച്ച ഈ ശിക്ഷകളെല്ലാം ഒരേസമയം നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതായത് പരമാവധി ശിക്ഷയായ ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയും പ്രാബല്യത്തിൽ വരും. തുടർന്ന് 2022 മെയ് 10 ന് യാസിൻ മാലിക് കുറ്റം സമ്മതിച്ചു. 2022 മാർച്ച് 16 ന് കോടതി ഹാഫിസ് സയീദ്, സയ്യിദ് സലാഹുദ്ദീൻ, യാസിൻ മാലിക്, ഷബ്ബീർ ഷാ, മസ്രത്ത് ആലം, റാഷിദ് എഞ്ചിനീയർ, സഹൂർ അഹമ്മദ് വതാലി, ബിട്ട കരാട്ടെ, അഫ്‌താഫ് അഹമ്മദ് ഷാ, അവതാർ അഹമ്മദ് ഷാ, നയീം ഖാൻ, ബഷീർ അഹമ്മദ് സൈഫുള്ള തുടങ്ങിയവരെ അറസ്‌റ്റ് ചെയ്‌തിരുന്നു.