ന്യൂഡല്‍ഹി:രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യ ആസൂത്രകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്‌റ്റ് ചെയ്‌തു. മൂന്ന് സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായതെന്ന് എന്‍ഐഎ വ്യക്തമാക്കി. സ്ഫോടനം നടത്തിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.
മുസമില്‍ ഷരീഫ് എന്നയാളെയാണ് എന്‍ഐഎ പിടികൂടിയത്. കര്‍ണാടകയിലെ പന്ത്രണ്ട് ഇടത്തും തമിഴ്‌നാട്ടിലെ അഞ്ച് ഇടത്തും ഉത്തര്‍പ്രദേശിലെ ഒരിടത്തും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.
പൊട്ടിത്തെറി നടന്ന് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളിലൊരാളെ പിടികൂടാന്‍ കഴിഞ്ഞത്. ഈ മാസം മൂന്നിനാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. നേരത്തെ തന്നെ മുഖ്യപ്രതി മുസാവിര്‍ ഷസീബ് ഹുസൈനെ തിരിച്ചറിഞ്ഞിരുന്നു. അബ്‌ദുള്‍ മത്തീന്‍ താഹ എന്നൊരാളും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇയാളെ മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ടും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇരുവരും ഒളിവിലാണ്.