ഹൈദരാബാദ്: ഇന്‍റർനെറ്റിൽ എന്ത് തെരയണമെങ്കിലും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മളേറെയും. എന്നാൽ ഗൂഗിളിൽ തെരയുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ നിലവാരം കുറയുന്നതായാണ് പുതിയ പഠനങ്ങളിൽ കണ്ടെത്തിയത്. ജർമ്മൻ ഗവേഷകർ നടത്തിയ ഒരു വർഷം നീണ്ട ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്(German Researchers Claims Google Search Engine Is Getting Worse).
സെർച്ച് എഞ്ചിൻ ഒപ്‌റ്റിമൈസേഷൻ വഴിയും, അഫിലിയേറ്റഡ് ലിങ്കുകൾ വഴിയും ഉപയോക്താക്കൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ വരുന്നതോടെ ഗൂഗിൾ സെർച്ച് എഞ്ചിനുകളുടെ നിലവാരം കുത്തനെ താഴോട്ട് പോയതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലെയ്പ്‌സിഗ് യൂണിവേഴ്‌സിറ്റി, ബൗഹൗസ്-യൂണിവേഴ്‌സിറ്റി വെയ്‌മർ, സെന്റർ ഫോർ സ്‌കേയ്‌ലബിൾ ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഗൂഗിൾ, ബിംഗ്, ഡക്ക്‌ഡക്ക്‌ഗോ എന്നിവയിലെ 7,392 ഉൽപ്പന്നങ്ങളുടെ റിവ്യൂ പരിശോധിച്ചുകൊണ്ട് 'ഗൂഗിളിന്‍റെ നിലവാരം താഴുന്നോ' എന്ന ചോദ്യത്തിലാണ് പഠനം നടത്തിയത്.