ഡൽഹി : തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്ന് ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ പാനലാണ് ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മിഷണർമാരായി നിയമിച്ചത് (New Election Commissioners). നിയമ നീതി മന്ത്രാലയം ഇതിന്‍റെ ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി.
മാർച്ച് ഒമ്പതിന് തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയല്‍ രാജിവെച്ച ഒഴിവിലേക്കും, അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ച ഒഴിവിലേക്കുമാണ് ഗ്യാനേഷ് കുമാറും, സുഖ്ബീർ സിങ് സന്ധുവും സ്ഥാനമേറ്റത്. 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ഗ്യാനേഷ് കുമാർ 2024 ഫെബ്രുവരിയിൽ സഹകരണ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായി വിരമിച്ചതാണ്. സുഖ്ബീർ സിങ് സന്ധു ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയായിരുന്നു. സന്ധു 2024 ജനുവരി 31ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഒഴിവുകളിലേക്കുള്ള പേരുകൾ പരിഗണിക്കാൻ നേരത്തെ യോഗം ചേർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ചില അപാകതകളുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവും സേവന നിബന്ധനകളും നിയന്ത്രിക്കുന്നതിനുള്ള ബിൽ ഡിസംബർ 12 ന് രാജ്യസഭ പാസാക്കിയിരുന്നു. 1991ലെ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമത്തിന് പകരമാണ് ബിൽ. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുക എന്നതാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ മുന്നിലുള്ള ആദ്യ ദൗത്യം.
Also read : ഗ്യാനേഷ് കുമാറും സുഖ്‌ബീര്‍ സിങ് സന്ധുവും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍