ന്യൂഡൽഹി:ഇന്ന് പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഡല്‍ഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പോസ്റ്ററുകൾ പതിച്ചു. ഡൽഹിയിലെ കൊണാട്ട് പ്ലേസ്, തുഗ്ലക് റോഡ്, തുഗ്ലക്കാബാദ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പുതിയ നിയമങ്ങളെക്കുറിച്ചും അവ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
2023ലെ ശീതകാല സമ്മേളനത്തിലാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) 2023, ഭാരതീയ നാഗരിക് സുരക്ഷ സൻഹിത (ബിഎൻഎസ്എസ്) 2023, ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവ പാർലമെന്‍റ് പാസാക്കുന്നത്. ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സൻഹിതയും, സിആർപിസിക്ക് പകരം നാഗരിക് സുരക്ഷ സൻഹിതയും, ഇന്ത്യൻ എവിഡൻസ് ആക്‌ടിന് പകരം ഭാരതീയ സാക്ഷ്യ അധീനിയവും ആണ് ഇനിയുണ്ടാവുക. അന്വേഷണത്തിലും വിചാരണയിലും കോടതി നടപടികളിലും സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ ക്രിമിനൽ നിയമങ്ങൾ.
ഐപിസിയുടെ 511 വകുപ്പുകൾക്ക് പകരം ഇനി ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകളുണ്ടാകും. ന്യായ സൻഹിതയിൽ ആകെ 20 പുതിയ കുറ്റകൃത്യങ്ങൾ ചേർത്തിട്ടുണ്ട്. 33 കുറ്റകൃത്യങ്ങൾക്കുള്ള തടവുശിക്ഷ വർധിപ്പിച്ചു.
83 കുറ്റകൃത്യങ്ങളിൽ പിഴ തുക വർധിപ്പിക്കുകയും 23 കുറ്റകൃത്യങ്ങളിൽ നിർബന്ധിത മിനിമം ശിക്ഷ നടപ്പാക്കുകയും ചെയ്‌തിട്ടുണ്ട്. ആറ് കുറ്റകൃത്യങ്ങളിൽ കമ്മ്യൂണിറ്റി സേവനത്തിനുള്ള ശിക്ഷ കൊണ്ടുവരികയും നിയമത്തിൽ 19 വകുപ്പുകൾ റദ്ദാക്കുകയോ നീക്കം ചെയ്യുകയോ ചെയ്‌തിട്ടുണ്ട്.