കേരളം

kerala

ETV Bharat / bharat

ആരാകും ലോക്‌സഭ സ്‌പീക്കര്‍ ? ഭര്‍തൃഹരി മഹാതാപ് മുതല്‍ പുരന്ദേശ്വരി വരെ; സാധ്യത ഇങ്ങിനെ - LOK SABHA SPEAKER Election

ലോക്‌സഭ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക് ആരെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പില്‍ സമവായത്തിലെത്താന്‍ സ്രമിച്ച് ബിജെപി. ഭര്‍തൃഹരി മഹാതാപ്, ഫാഗന്‍ സിങ് കുലസ്തേ, രാധാമോഹന്‍ സിങ്, ഡി പുരന്ദരേശ്വരി, മന്‍സുഖ് ഭായ് വാസവാ, ഓം ബിര്‍ള എന്നിവരുടെ പേരുകളാണ് ബിജെപിയില്‍ നിന്ന് സ്‌പീക്കര്‍ സ്ഥാനത്തേക്ക് ഉയരുന്നത്.

By ETV Bharat Kerala Team

Published : Jun 18, 2024, 9:15 PM IST

Updated : Jun 18, 2024, 9:49 PM IST

FRONT RUNNERS FOR SPEAKER POST  SPEAKER AND DEPUTY SPEAKER  സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌  NEW LOK SABHA SPEAKER
FRONT RUNNERS FOR SPEAKER POST (ETV Bharat)

ന്‍ഡിഎ ഘടകകക്ഷികളുമായും പ്രതിപക്ഷ കക്ഷികളുമായും ചര്‍ച്ച നടത്തി സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ സമവായത്തിലെത്താന്‍ ബിജെപി. ഇതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ലോക്‌സഭ സമ്മേളനത്തിന്‍റെ സമയക്രമവും കാര്യപരിപാടികളും സംബന്ധിച്ചും ചര്‍ച്ച നടത്തി സമവായമുണ്ടാക്കും.

മന്ത്രിമാരായ ജെപി നദ്ദ, കിരണ്‍ റിജിജു, രാംമോഹന്‍ നായിഡു, ചിരാഗ് പസ്വാന്‍, ലാലന്‍ സിങ് എന്നിവരും കൂടിയാലോചനകളില്‍ പങ്കെടുക്കുന്നുണ്ട്. ഭര്‍തൃഹരി മഹാതാപ്, ഫാഗന്‍സിങ് കുലസ്തേ, രാധാമോഹന്‍ സിങ്, ഡി.പുരന്ദരേശ്വരി, മന്‍സുഖ് ഭായ് വാസവാ, ഓം ബിര്‍ള എന്നിവരുടെ പേരുകളാണ് ബിജെപിയില്‍ നിന്ന് സ്‌പീക്കര്‍ സ്ഥാനത്തേക്ക് ഉയരുന്നത്.

സ്‌പീക്കര്‍ സ്ഥാനത്തേക്കുള്ള അംഗത്തെ ബിജെപി നിശ്ചയിച്ചു കഴിഞ്ഞാല്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് മുന്നില്‍ വച്ച് അംഗീകാരം നേടും. ജൂണ്‍ 22, 23 തീയതികളില്‍ എന്‍ഡിഎ യോഗം ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കുമെന്നാണ് ഇപ്പോഴത്തെ ധാരണ. ജൂണ്‍ 24നാണ് ലോക്‌സഭ സമ്മേളിക്കുന്നത്. അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. 26നാണ് സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്.

അതിന് മുമ്പ് സമവായമായാല്‍ ജൂണ്‍ 25ന് സ്‌പീക്കര്‍ സ്ഥാനത്തേക്ക് ഒരംഗത്തെ പ്രധാനമന്ത്രി നിര്‍ദേശിക്കാനാണ്‌ സാധ്യത. ജൂണ്‍ 27ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ സംബോധന ചെയ്യും. ജൂലെെ 3 വരെ നീളുന്ന സമ്മേളനത്തിന് ശേഷം ബജറ്റ് സമ്മേളനവും ജൂലൈ അവസാനം ചേര്‍ന്നേക്കും. മുതിര്‍ന്ന അംഗമെന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷ് പ്രോടേം സ്‌പീക്കറായി അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

സമവായത്തിലൂടെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ബിജെപി ശ്രമം. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വിട്ടു നല്‍കുകയാണെങ്കില്‍ സ്‌പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാമെന്ന ആലോചന ഇന്ത്യ മുന്നണിയിലുമുണ്ട്. സമവായമുണ്ടാക്കുന്നതിന്‍റെ ഭാഗമായി മുതിര്‍ന്ന ബിജെപി നേതാക്കളും മന്ത്രിമാരും ഞായറാഴ്‌ച (ജൂണ്‍ 17) രാത്രി മുന്‍ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ളയുടെ ഔദ്യോഗിക വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

അമിത്‌ ഷായും ജെപി നദ്ദയും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗം സമവായ ചര്‍ച്ചകള്‍ക്ക് രാജ്‌നാഥ്‌ സിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. യോഗത്തിന് ശേഷം പുതിയ പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമായി കൂടിക്കാഴ്‌ച നടത്തി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന 2014ല്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി അണ്ണാഡിഎംകെക്കായിരുന്നു നല്‍കിയത്. 2019ല്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി ഒഴിച്ചിടുകയായിരുന്നു. യുപിഎ ഭരണകാലത്ത് ഡെപ്യൂട്ടി സ്‌പീക്കര്‍ പദം പ്രതിപക്ഷത്തിന് നല്‍കിയ കീഴ്വഴക്കമുണ്ട്.

ബിജെപിയില്‍ സ്‌പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കള്‍ ഇവരാണ്.

ഓം ബിര്‍ള:2004ന് ശേഷം സ്‌പീക്കര്‍ പദവിയിലിരുന്നവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന ചരിത്രമില്ലായിരുന്നു. ഇത്തവണ ഈ ചരിത്രം തിരുത്തിയാണ് ഓം ബിര്‍ള തെരഞ്ഞെടുപ്പ് ജയിച്ചെത്തിയത്. രാജസ്ഥാനില്‍ നിന്നുള്ള അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കണമെന്ന വാദവും ബിജെപിക്കകത്ത് ശക്തമാണ്.

ഭര്‍തൃഹരി മഹാതാപ്:1998 മുതല്‍ തുടര്‍ച്ചയായി കട്ടക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭര്‍തൃഹരി മഹാതാപ് മികച്ച പാര്‍ലമെന്‍റേറിയനാണ്. പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് അദ്ദേഹം ബിജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2017ലും 18ലും 19ലും 20ലും മികച്ച പാര്‍ലമെന്‍റേറിയനുള്ള സന്‍സദ് രത്ന അവാര്‍ഡ് നേടിയ നേതാവാണ് ഭര്‍തൃഹരി മഹാതാപ്. ഒഡിഷയില്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ബിജെപി നേടിയ തിളക്കമാര്‍ന്ന വിജയത്തിനുള്ള അംഗീകാരമായി ഒഡിഷയില്‍ നിന്നൊരാളെ സ്‌പീക്കറാക്കണമെന്ന വാദം അംഗീകരിക്കപ്പെട്ടാല്‍ ഇദ്ദേഹം സ്‌പീക്കര്‍ പദവിയിലെത്തും.

രാധ മോഹന്‍ സിങ്: കിഴക്കന്‍ ചമ്പാരനില്‍ നിന്ന് ഇത്തവണയും ജയിച്ചു. 6 തവണ ലോക്‌സഭയിലെത്തി. മുന്‍ കേന്ദ്ര കൃഷി മന്ത്രി. 1989ല്‍ ആദ്യ വിജയം. ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ രാധാ മോഹന്‍ സിങ് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. ആര്‍എസ്‌എസുമായി അടുത്ത ബന്ധം ഇദ്ദേഹത്തിന് സാധ്യതയേറ്റുന്നു.

ഫാഗന്‍ സിങ് കുലസ്തേ: ബിജെപിയുടെ ആദിവാസി നേതാവ്. വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായി. കഴിഞ്ഞ രണ്ട് മോദി മന്ത്രിസഭകളിലും സഹമന്ത്രി. നേരത്തെ ഗ്രാമ വികസന വകുപ്പ് സഹമന്ത്രി. 2014ല്‍ ആരോഗ്യ സഹമന്ത്രി. 1999ല്‍ ആദിവാസി പാര്‍ലമെന്‍ററി കാര്യവകുപ്പ് സഹമന്ത്രി. ഏഴാം തവണയും മധ്യപ്രദേശിലെ മണ്ഡ്ല സീറ്റില്‍ നിന്ന് ജയിച്ച് പാര്‍ലമെന്‍റിലെത്തി . ഇത്തവണ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും സഹമന്ത്രിയാകാനില്ലെന്ന് തീര്‍ത്ത് പറഞ്ഞു.

മന്‍സുഖ് ഭായ് ധന്‍ജിഭായ് വാസവ:ഗുജറാത്തില്‍ നിന്നുള്ള ബിജെപിയുടെ ആദിവാസി മുഖം. ബറൂച്ചില്‍ നിന്ന് ഏഴാം തവണയും എംപി. മന്‍സുഖ് ഭായ് ധന്‍ജിഭായ് വാസവ. ഒന്നാം മോദി മന്ത്രിസഭയില്‍ ആദിവാസി ക്ഷേമ സഹ മന്ത്രിയായിരുന്നു.

ഡി പുരന്ദേശ്വരി:എന്‍ടി രാമ റാവുവിന്‍റെ മകള്‍. നിലവില്‍ ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന അധ്യക്ഷ. കോണ്‍ഗ്രസുകാരിയായി രാഷ്ട്രീയ പ്രവേശം. വിശാഖപട്ടണത്ത് നിന്നും ബപാട്ലയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രി. 2014ല്‍ ബിജെപിയിലെത്തി. കഴിഞ്ഞ വര്‍ഷം ബിജെപി സംസ്ഥാന അധ്യക്ഷയായി. രാജമുന്ദ്രിയില്‍ നിന്ന് ഇത്തവണ ബിജെപി ടിക്കറ്റില്‍ ജയിച്ചു. ആന്ധ്രയില്‍ തെലുഗു ദേശത്തെ എന്‍ഡിഎക്കൊപ്പം നിര്‍ത്തുന്നതില്‍ പുരന്ദേശ്വരിക്ക് വലിയ പങ്കുണ്ടായിരുന്നു. പുരന്ദേസ്വരിയുടെ സഹോദരീ ഭര്‍ത്താവ് കൂടിയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

16 സീറ്റുകളുമായി എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണെങ്കിലും സ്‌പീക്കര്‍ സ്ഥാനത്തിന് ടിഡിപി അവകാശം ഉന്നയിച്ചിട്ടില്ല. ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജ് മാത്രമാണ് നായിഡു ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും തെലുഗുദേശത്തിന് നല്‍കിയിട്ടുണ്ട്. സ്‌പീക്കര്‍ സ്ഥാനം ബിജെപിക്കാണെന്നത് മൂന്നാമത്തെ മുഖ്യഘടകകക്ഷിയായ ജെഡിയുവും അംഗീകരിച്ചതാണ്. ബിജെപി നിശ്ചയിക്കുന്ന അംഗം സ്‌പീക്കറാകുമെന്നതില്‍ തര്‍ക്കമില്ലെങ്കിലും ആരാകുമെന്നതിലാണ് ആകാംക്ഷ തുടരുന്നത്.

ALSO READ:കൂറുമാറ്റവും ചാക്കിട്ടു പിടുത്തവും പാര്‍ട്ടി പിളര്‍ത്തലും വരെ; ആശങ്കയില്‍ പാര്‍ട്ടികള്‍. സ്‌പീക്കര്‍ക്ക് റോളേറും.

Last Updated : Jun 18, 2024, 9:49 PM IST

ABOUT THE AUTHOR

...view details