കേരളം

kerala

ETV Bharat / bharat

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ഗുജറാത്തിലെ ഏഴിടങ്ങളില്‍ സിബിഐ പരിശോധന - NEET Case CBI Raid Gujarat - NEET CASE CBI RAID GUJARAT

നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം തീവ്രമാക്കി സിബിഐ. ഗുജറാത്ത്, ബിഹാര്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലായി ആറ് പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിഷയം സിബിഐയ്ക്ക് കൈമാറിയതോടെയാണ് നടപടി. വിവിധയിടങ്ങളില്‍ അറസ്റ്റും തെരച്ചിലും തുടരുകയാണ്.

NEET UG PAPER LEAK CASE  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച  സിബിഐ പരിശോധന  ഗുജറാത്ത് ബിഹാര്‍ രാജസ്ഥാന്‍
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jun 29, 2024, 1:46 PM IST

ന്യൂഡല്‍ഹി :നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗുജറാത്തിലെ ഏഴിടങ്ങളില്‍ സിബിഐ തെരച്ചില്‍ നടത്തിയതായി അധികൃതര്‍. രാവിലെയാണ് നടപടി ആരംഭിച്ചത്. കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ പരിസരങ്ങളിലായിരുന്നു തെരച്ചില്‍. ആനന്ദ്, ഖേദ, അഹമ്മദാബാദ്, ഗോധ്ര തുടങ്ങിയ നാല് ജില്ലകളിലായാണ് സിബിഐയുടെ തെരച്ചില്‍ നടന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു ഹിന്ദി പത്രത്തിലെ മാധ്യമപ്രവര്‍ത്തകനെയും ജാര്‍ഖണ്ഡിലെ ഹസാരി ബാഗിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും വൈസ് പ്രിന്‍സിപ്പാളിനെയും കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്‌തു. ഓയാസിസ് സ്‌കൂളിലെ എഹ്‌സനുല്‍ ഹഖ് എന്ന പ്രിന്‍സിപ്പാള്‍ ആണ് അറസ്റ്റിലായത്.

നീറ്റിന്‍റെ നഗരത്തിലെ കോ ഓര്‍ഡിനേറ്ററായി എന്‍ടിഎ ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഇംത്യാസ് ആലം എന്‍ടിഎയുടെ നിരീക്ഷനും ഒയാസിസ് സ്‌കൂളിലെ കോര്‍ഡിനേറ്ററുമായിരുന്നു. ജില്ലയില്‍ നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യം ചെയ്‌തതായി സിബിഐ പറഞ്ഞു.

പ്രിന്‍സിപ്പാളിനെയും വൈസ് പ്രിന്‍സിപ്പാളിനെയും സഹായിച്ചതിനാണ് ജമാലുദ്ദീന്‍ അന്‍സാരി എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തത്. ബിഹാറിലും ഗുജറാത്തിലും ഓരോ കേസ് വീതവും രാജസ്ഥാനില്‍ മൂന്ന് കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

മെയ് അഞ്ചിന് രാജ്യമെമ്പാടുമുള്ള 571 നഗരങ്ങളിലായി 4,750 കേന്ദ്രങ്ങളിലും വിദേശത്തെ പതിനാല് കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. വിദ്യാഭ്യാസ മന്ത്രാലയം കേസന്വേഷണം കൈമാറിയതിന്‍റെ തൊട്ടടുത്ത ദിവസമായ ജൂണ്‍ 23നാണ് സിബിഐ ആദ്യ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനിടെ പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യുജിസി നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് പ്രക്ഷുബ്‌ധമായിരുന്നു. തുടര്‍ന്ന് സഭ തിങ്കളാഴ്‌ച വരെ പിരിഞ്ഞു. നീറ്റ് പരീക്ഷ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്, എന്നാൽ അത് മര്യാദ നിലനിർത്തിക്കൊണ്ട് നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ പിരിഞ്ഞതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.

'സർക്കാർ എല്ലാവിധ ചർച്ചകൾക്കും തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളും മര്യാദയും പാലിച്ചാണ് എല്ലാം നടക്കേണ്ടത്. രാഷ്‌ട്രപതി ഇന്നലെ നടത്തിയ പ്രസംഗത്തിൽ പരീക്ഷയെ കുറിച്ച് സംസാരിച്ചിരുന്നു. ഏത് പ്രശ്‌നവും നേരിടാൻ തങ്ങൾ തയ്യാറാണെന്ന സർക്കാരിന്‍റെ സന്ദേശമാണ് ഇത് വ്യക്തമാക്കുന്നത്.'- ധര്‍മേന്ദ്ര പ്രധാൻ പാർലമെന്‍റിന് പുറത്ത് പറഞ്ഞു.

രാജ്യത്തെ യുവജനങ്ങളോടും വിദ്യാർഥികളോടുമാണ് സർക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ ധര്‍മേന്ദ്ര പ്രധാന്‍ അതില്‍ എന്താണ് ആശയക്കുഴപ്പമെന്നും ചോദിച്ചു. 'ഞങ്ങൾ കർശനമായ നടപടിയെടുക്കാൻ പോവുകയാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും സിബിഐ പിടികൂടും. ഞങ്ങൾ ആരെയും ഒഴിവാക്കില്ല.'- പ്രധാൻ പറഞ്ഞു.

ഇതിനിടെ നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രമേയം പാസാക്കിയിട്ടുണ്ട്.

Also Read:മര്യാദയും മാനദണ്ഡങ്ങളും പാലിക്കണം'; നീറ്റ് വിഷയത്തില്‍ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി

ABOUT THE AUTHOR

...view details