ന്യൂഡല്‍ഹി: നീറ്റ് യുജി കൗണ്‍സിലിങ് നാളെ തുടങ്ങുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള കൗണ്‍സിലിങ് നടപടികള്‍ ആരംഭിക്കുമെന്നാണ് സുപ്രീംകോടതി പരീക്ഷ റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാദത്തിനിടെ എന്‍ടിഎ അറിയിച്ചത്. ഏതായാലും പുനപ്പരീക്ഷയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ നാളെത്തന്നെ കൗണ്‍സിലിങ് നടപടികള്‍ തുടങ്ങാനാണ് സാധ്യത.
നീറ്റ് യുജി കൗണ്‍സിലിങ് ആരംഭിച്ചാല്‍ ഉടന്‍ തന്നെ അപേക്ഷകര്‍ mcc.nic.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്. അനുബന്ധ രേഖകള്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യും മുമ്പ് വിവരങ്ങള്‍ വിശദമായി വായിച്ച് മനസിലാക്കേണ്ടതുണ്ട്. വിവിധ മെഡിക്കല്‍ കോളജുകളില്‍ ലഭ്യമായ സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനൊപ്പമുള്ള യൂസര്‍ ഗൈഡില്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
നീറ്റ് യുജിയില്‍ പതിനഞ്ച് ശതമാനം സീറ്റുകള്‍ അഖിലേന്ത്യ ക്വാട്ടയായി മെഡിക്കല്‍ കൗണ്‍സില്‍ സമിതി നീക്കി വച്ചിട്ടുണ്ട്. കല്‍പ്പിത സര്‍വകലാശാലകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ (ഡല്‍ഹി സര്‍വകലാശാല, അലിഗഡ് മുസ്‌ലീം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല ഉള്‍പ്പെടെ) ഇഎസ്ഐസി, എഎഫ്എംസി, ഐപി സര്‍വകലാശാലകള്‍, എഐഐഎംഎസുകള്‍, ജിപ്മെര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഈ പട്ടികയില്‍ നിന്നാണ് പ്രവേശനം നടത്തുക.
കേന്ദ്ര സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ കൗണ്‍സില്‍ സമിതി ബിഎസ്‌സി നഴ്‌സിങ്ങിനായും ഇതേ പട്ടികയില്‍ നിന്നാണ് ഓണ്‍ലൈന്‍ കൗണ്‍സിലിങ് നടത്തുക. എംസിസി നീറ്റ് കൗണ്‍സിലിങ് പ്രക്രിയയില്‍ മൂന്ന് റൗണ്ടുകളായാണുണ്ടാകുക.
നീറ്റ് യുജി കൗണ്‍സിലിങ്ങിനുള്ള അവശ്യ രേഖകള്‍:
- എംസിസി നല്‍കിയ അലോട്ട്മെന്‍റ് ലെറ്റര്‍
- നീറ്റ് 2024 ഫലം/ എന്‍ടിഎ നല്‍കിയ റാങ്ക് കത്ത്
- എന്‍ടിഎ നല്‍കിയ ഹാള്‍ ടിക്കറ്റ്
- ജനനത്തീയതി സര്‍ട്ടിഫിക്കറ്റ്
- പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്
- പ്ലസ്‌ടു സര്‍ട്ടിഫിക്കറ്റ്
- പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ഷീറ്റ്
- എട്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ (ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ത്ത അതേ ഫോട്ടോകള്‍)
- തിരിച്ചറിയല്‍ രേഖ (ആധാര്‍, പാന്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്)
നേരത്തെ ലഭ്യമായ സീറ്റുകളുടെ പട്ടിക എല്ലാ സ്ഥാപനങ്ങളും അവരവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സിലിങ് സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ ഈ മാസം 20ന് മുമ്പ് സീറ്റ് വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റിലും (https://mcc.nic.in/)നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.