പാറ്റ്ന : നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്‍റെ സഹായി കസ്റ്റഡിയില്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ അനുരാഗ് യാദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് തേജസ്വിയുടെ പി എ പ്രീതം കുമാറിനെ പിടികൂടിയത്. ബീഹാര്‍ പോലീസിന്‍റെ ഇക്കണോമിക് ഒഫന്‍സ് വിങ്ങ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അനുരാഗ് യാദവിന് താമസിക്കാന്‍ ഇന്‍സ്പെക്ഷന്‍ ഗസ്റ്റ് ഹൗസില്‍ സൗകര്യം ഒരുക്കിയത് പ്രീതം കുമാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പേപ്പര്‍ ചോര്‍ച്ചയില്‍ പ്രീതം കുമാറിന് ഇതില്‍ക്കവിഞ്ഞ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുമായി എക്കണോമിക് ഒഫന്‍സ് വിങ്ങ് മേധാവി ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അന്വേഷണ സംഘത്തിന് കൈമാറും.
അതേ സമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരന്‍ സഞ്ജീവ് മുഖിയക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ സംഘത്തിലുണ്ടെന്ന് കരുതുന്ന നിതീഷ് പട്ടേല്‍, റോക്കി, ചിന്‍റു, പിന്‍റു എന്നിവര്‍ക്കു വേണ്ടിയും തെരച്ചില്‍ തുടരുകയാണ്.
ബീഹാറിലെ പരീക്ഷാ മാഫിയയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പേര്‍ക്കും നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വരുന്നുണ്ട്. വൈശാലി സ്വദേശികളായ രണ്ടു പേരാണ് ഈ മാഫിയയുടെ ഭാഗമായി പ്രവൃത്തിച്ചതെന്നാണ് സൂചന. രാജസ്ഥാനിലെ കോട്ടയിലെ പ്രശസ്തമായ കോച്ചിങ്ങ് സ്ഥാപനത്തില്‍ നീറ്റ് പരിശീലനം തേടിക്കൊണ്ടിരുന്ന അനുരാഗ് യാദവാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യം പിടിയിലായത്. തനിക്ക് അമ്മാവന്‍ സിക്കന്ദര്‍ യാദവേന്ദുവില്‍ വഴിയാണ് പരീക്ഷാ പേപ്പര്‍ ലഭിച്ചതെന്നാണ് അനുരാഗ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.