ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അന്തിമരൂപം പുറത്തുവരാൻ നിമിഷങ്ങൾ മാത്രം. 400 സീറ്റുകളുമായി മൂന്നാംവട്ടം അധികാരത്തിലേറാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹത്തിന് കരിനിഴല്‍ വീഴ്‌ത്തുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഇന്ത്യ സഖ്യം മികച്ച മുന്നേറ്റമാണ് കാഴ്‌ചവയ്‌ക്കുന്നത്.
അതേസമയം ദക്ഷിണേന്ത്യയിൽ എൻഡിഎയുടെ പ്രകടനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം എക്‌സിറ്റ് പോളുകൾ ഏകകണ്‌ഠമായി പ്രവചിച്ചിരുന്നു. ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ കേരളത്തിൽ കോൺഗ്രസ് തേരോട്ടമാണ്. തെലങ്കാനയിൽ ബിജെപിയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യം വിജയത്തിലേക്ക് കുതിക്കുകയാണ്.
ആന്ധ്രാപ്രദേശിൽ, ചന്ദ്രബാബു നായിഡുവുമായുള്ള എൻഡിഎയുടെ സഖ്യം ഫലവത്തായി തെളിഞ്ഞതായി വിലയിരുത്തുന്നത്. സംസ്ഥാനത്തെ 25 സീറ്റുകളിൽ 21 എണ്ണത്തിലും എൻഡിഎ വിജയം പ്രതീക്ഷിക്കുന്നു.
കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള കർണാടകയിൽ ബിജെപി ഗണ്യമായ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 സീറ്റുകളിൽ 18 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുന്നു. 10 സീറ്റുകളിലാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്.
തെലങ്കാനയിൽ, കെ ചന്ദ്രശേഖർ റാവുവിൻ്റെ ഭാരത് രാഷ്‌ട്ര സമിതിയുടെ പരാജയത്തെത്തുടർന്ന് സംസ്ഥാനത്തെ 17 സീറ്റുകളിൽ 8 വീതം ബിജെപിയും ഇന്ത്യ മുന്നണിയും ലീഡ് ചെയ്യുകയാണ്.
കേരളത്തിൽ 18 സീറ്റുകളിൽ യുഡിഎഫാണ് മുന്നേറുന്നത്. ഒരു സീറ്റിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ ചരിത്രത്തിലാദ്യമായി ബിജെപി ഒരു മണ്ഡലത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ സുരേഷ് ഗോപി 73000ത്തിലേറെ വോട്ടുകൾക്കാണ് മുന്നിട്ടുനിൽക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്‌ചവയ്‌ക്കുന്നത്.
നിലവിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ 6500ലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. രാജീവ് ചന്ദ്രശേഖറാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി തകർപ്പൻ മുന്നേറ്റമാണ് കാഴ്‌ചവയ്‌ക്കുന്നത്. 39 സീറ്റുകളിൽ 38 മണ്ഡലങ്ങളിലും ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. ഒരു സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.