കാങ്കർ :ഛത്തീസ്‌ഗഡിൽ പൊലീസും നക്‌സലൈറ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്‌റ്റബിളും ഒരു നക്‌സലൈറ്റും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ കാങ്കർ ജില്ലയിൽ ഞായറാഴ്‌ചയാണ് സംഘർഷമുണ്ടായത്. സംസ്ഥാന പൊലീസിന്‍റെ യൂണിറ്റായ ബസ്‌തർ ഫൈറ്റേഴ്‌സിലെ കോൺസ്‌റ്റബിൾ രമേഷ് കുറേത്തിയാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു (Police Constable And Naxalite Killed In An Encounter).
ഛോട്ടേബെത്തിയ പൊലീസ് സ്‌റ്റേഷനു കീഴിൽ ഹിദൂർ ഗ്രാമത്തിനടുത്തുള്ള വനത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്‌പ്പുണ്ടായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. ഹിദുർ വനത്തിൽ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഒരു നക്‌സലൈറ്റിന്‍റെ മൃതദേഹവും ഒരു എകെ 47 തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.